പരസ്യപ്രചാരണം നാളെ വൈകിട്ട് ഏഴുവരെ
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകിട്ട് 7ന് അവസാനിക്കും. പരസ്യപ്രചാരണത്തിന്റെ ഭാഗമായി വിവിധ മുന്നണികളുടെ നേതൃത്വത്തിലുള്ള കൊട്ടിക്കലാശം ഇത്തവണ നടത്തരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിരിക്കുന്ന നിർദ്ദേശം.
പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് നടത്തുന്ന കൊട്ടിക്കലാശം പലപ്പോഴും സംഘർഷത്തിലേക്ക് വഴിവച്ചിട്ടുള്ളതിനാലും കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാലുമാണ് കൊട്ടിക്കലാശം ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്. ഇരുചക്രവാഹനങ്ങളിലുള്ള പ്രകടനവും പ്രചാരണവും പാടില്ലെന്നും നിർദ്ദേശമുണ്ട്.
രാഷ്ട്രീയ പ്രചാരണം പാടില്ല
നാളെ വൈകിട്ട് 7ന് പരസ്യപ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, രാഷ്ട്രീയചായ്‌വുള്ള കലാപരിപാടികൾ എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തി. കൂടാതെ ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണങ്ങളും ഒഴിവാക്കണം. ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും.
പ്രധാന നിർദ്ദേശങ്ങൾ
1. കവലകളിലേക്ക് പ്രകടനവും പ്രചാരണവും അനുവദിക്കില്ല. വൈകിട്ട് മൂന്ന് മുതൽ നിയന്ത്രണം
2. പ്രചാരണങ്ങൾക്ക് പൊലീസിൽ അറിയിച്ച് അനുമതി വാങ്ങണം
3. അനുമതിയില്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്
4. പ്രകടനം, പൊതുസമ്മേളനം എന്നിവയ്ക്ക് പൊലീസ് അനുമതി വാങ്ങണം
5. ജാഥകളിൽ പങ്കെടുക്കുന്നവരെ നേതൃത്വം നിയന്ത്രിക്കണം
6. പോളിംഗ് സ്റ്റേഷന് സമീപത്തുള്ള പോസ്റ്ററുകൾ, ചുവരെഴുത്തുകൾ അതാത് രാഷ്ട്രീയകക്ഷികൾ നീക്കണം
7. രാത്രി 11ന് ശേഷം പോസ്റ്റർ പതിക്കൽ, ചുവരെഴുത്ത്, ബൂത്ത് ഓഫീസ് സ്ഥാപിക്കൽ തുടങ്ങിയ പാടില്ല
8. വോട്ടെടുപ്പ് ദിവസം ബൂത്തിന് നിശ്ചിത പരിധിക്കുള്ളിൽ വോട്ടർമാരുമായി സംവദിക്കാൻ പാടില്ല
9. തർക്കങ്ങൾ പ്രാദേശിക നേതൃത്വം ഇടപെട്ട് പരിഹരിക്കണം