vote

 കൊണ്ടും കൊടുത്തും നേതാക്കൾ

കൊല്ലം: വോട്ടെടുപ്പിന് മൂന്നുനാൾ ശേഷിക്കെ ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും കൊട്ടിക്കയറി തിരഞ്ഞെടുപ്പ് ആവേശം. അവസാന ലാപ്പിൽ വോട്ട് പെട്ടിയിലാക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും അണികളും. തിരഞ്ഞെടുപ്പ് പ്രചാരണവും റാലികളും ഫ്ലാഷ് മോബുകളിലേക്കും കളംമാറി.

ജനത്തെ ഇളക്കി ഹൃദയത്തിൽ ഇടംനേടാൻ ജില്ലയിൽ മുന്നണി നേതാക്കളുടെ ഒരുപട തന്നെ എത്തിയിരുന്നു. ഓരോ മുന്നണിയും തൊടുത്തുവിട്ട വിമർശന ശരങ്ങളെ അതേ നാണയത്തിൽ തച്ചുതകർത്താണ് മുന്നണി നേതാക്കൾ മുന്നേറിയത്. ഒളിയമ്പെയ്ത് എതിരാളികളെ തകർക്കുന്ന സമീപനമാണ് എല്ലാ നേതാക്കളും സ്വീകരിച്ചത്.

ശബരിമല വിവാദം,​ സ്വർണക്കടത്ത് കേസ് എന്നിവ മുൻനിറുത്തിയാണ് ഇടത് ഭരണത്തിനെതിരെ യു.ഡി.എഫ് ​- ബി.ജെ.പി നേതാക്കൾ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി ധാർഷ്ഠ്യത്തോടെയാണ് മാദ്ധ്യമങ്ങളോട് പെരുമാറുന്നതെന്നും വിമർശനം ഉയർന്നു. വാളയാർ കേസ്, ആഴക്കടൽ മത്സ്യബന്ധന കരാർ, പിൻവാതിൽ നിയമനം എന്നിവയും പ്രചാരണായുധങ്ങളായി.

ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംസ്ഥാനത്തെ യു.ഡി.എഫ് നേതാക്കളെയും കണക്കറ്റ് വിമർശിച്ചാണ് ഇടത് നേതാക്കൾ കത്തിക്കയറിയത്. ഭക്ഷ്യക്കിറ്റും റോഡുകളും അഴിമതിരഹിത ഭരണവും പെൻഷൻ വർദ്ധനയുമാണ് ഇടത് നേതാക്കൾ എടുത്തുകാട്ടിയത്. മത്സ്യബന്ധന കാരാർ സർക്കാർ റദ്ദാക്കി. എൻ.എസ്.എസുമായി ഇടതുമുന്നണി ശത്രുതയിലെന്ന് വരുത്താനും ശ്രമങ്ങളുണ്ടെന്ന് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടി. കൊണ്ടും കൊടുത്തുമുള്ള നേതാക്കളുടെ പടവെട്ടലിന്റെ ഫലമെന്തെന്ന് ജനം വോട്ടിലൂടെ തീരുമാനിക്കും.

 പ്രചാരണത്തിന് ജില്ലയിലെത്തിയ നേതാക്കൾ

 യു.ഡിഎഫ്

പ്രിയങ്കാ ഗാന്ധി, താരിഖ് അൻവർ, ശശി തരൂർ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി

 എൽ.ഡി.എഫ്

പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, പിണറായി വിജയൻ, എ. വിജയരാഘവൻ, കാനം രാജേന്ദ്രൻ, ആനത്തലവട്ടം ആനന്ദൻ


 ബി.ജെ.പി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,​ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രിമാരായ വി. മുരളീധരൻ, പ്രഹ്‌ളാദ് ജോഷി