കൊല്ലം: പെൻഷൻ പരിഷ്‌കരണ കുടിശിക തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ ട്രഷറിയിലേക്ക് മാർച്ച് നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ മാർച്ച് ഉദ്ഘാടനം ചെയ്തു. നാലായിരം കോടി കടമെടുത്ത് ശമ്പള പെൻഷൻ കുടിശികയടക്കം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച ധനകാര്യമന്ത്രി തന്നെ ഖജനാവിൽ 5000 കോടി മിച്ചമുണ്ടെന്ന് കാണിക്കാനാണ് അഞ്ചര ലക്ഷം പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. സെർവർ തകരാറ് മൂലം പെൻഷൻ വിതരണം തടസപ്പെടുന്നത് നിത്യസംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജി. ബാലചന്ദ്രൻ ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രകാശ്, വാര്യത്ത് മോഹൻകുമാർ, ടി. നാഗരാജൻ, എൻ. രാമചന്ദ്രൻ പിള്ള, ബി.എസ്. കാശിനാഥൻ എന്നിവർ പ്രസംഗിച്ചു. ജെ. യോഹന്നാൻ, ആർ. ഗോപാലകൃഷ്ണപിള്ള, കെ.ആർ. മോഹനചന്ദ്രൻ പിള്ള, യേശുദാസ് എന്നിവർ നേതൃത്വം നൽകി.