കൊല്ലം: തിരഞ്ഞെടുപ്പ് ശാന്തമായി നടത്താനുള്ള സുരക്ഷാ ക്രമീകരണങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിൽ കേന്ദ്ര സേനാംഗങ്ങൾ അടക്കം നാലായിരം പേരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് പൊലീസുകാരും രണ്ട് സ്പെഷ്യൽ പൊലീസുകാരും ഉണ്ടാകും. പോളിംഗ് സ്റ്റേഷനുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ റോന്ത് ചുറ്റിക്കൊണ്ടിരിക്കുന്ന സ്ട്രൈക്കർ സംഘങ്ങൾ പാഞ്ഞെത്തും.
കൊല്ലം സിറ്റി പൊലീസ് പരിധിയെ ഏഴ് സബ് ഡിവിഷനുകളായി തിരിച്ച് രണ്ടായിരത്തിലേറെ പേരെയാണ് സുരയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 11 ഡിവൈ.എസ്.പി, 19 ഇൻസ്പെക്ടർ, 127 എസ്.ഐമാർ, 1562 സിവിൽ പൊലീസ് ഓഫീസർമാർ എന്നിങ്ങനെയാണ് സിറ്റി പരിധിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വിന്യാസം. ഇതിന് പുറമേ 298 പേരടങ്ങുന്ന ആറ് കമ്പിനി കേന്ദ്രസേനയുമുണ്ട്. ബൂത്തുകളിലെ പൊലീസ് സാന്നിദ്ധ്യത്തിന് പുറമേ 55 സ്ട്രൈക്കർ ടീമുകളുണ്ട്. പത്ത് പേരടങ്ങുന്നതാണ് സംഘങ്ങൾ. എല്ലാ സ്റ്റേഷൻ പരിധിയിലും രണ്ട് പട്രോളിംഗ് സംഘങ്ങളുമുണ്ടാകും. റൂറൽ പൊലീസിലും സമാന രീതിയിലാണ് ക്രമീകരണം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എല്ലാ സ്റ്രേഷൻ പരിധികളിലും രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
ബൂത്തുകൾ തരംതിരിച്ച് സുരക്ഷ
സമീപകാലത്ത് രാഷ്ട്രീയ - സാമുദായിക സംഘർഷങ്ങൾ ഉണ്ടായിട്ടുള്ള പ്രദേശത്തെ ബൂത്തുകളെയാണ് പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ കേരളാ പൊലീസിൽ നിന്ന് ഒരു എസ്.ഐക്ക് പുറമേ നാല് കേന്ദ്ര സേനാംഗങ്ങളും ഉണ്ടാകും. പ്രശ്നബാധിത, അതീവ പ്രശ്നബാധിത ബൂത്തുകൾ ജില്ലാ പൊലീസ് മേധാവിമാർ നേരിട്ട് നിരീക്ഷിക്കും. ഈ ബൂത്ത് പരിസരത്ത് തിരഞ്ഞെടുപ്പിന്റെ തലേന്ന് കേന്ദ്ര സേന പ്രത്യേക റൂട്ട് മാർച്ച് നടത്താനും സാദ്ധ്യതയുണ്ട്.
അതീവ പ്രശ്നബാധിത ബൂത്തുകൾ: 40
പ്രശ്നബാധിത ബൂത്തുകൾ: 243