കൊല്ലം: 45ന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി കൊവിഡ് വാക്‌സിനേഷൻ സ്വീകരിക്കാം. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം കളക്ടറേറ്റിന് സമീപം പോസ്റ്റ് ഓഫീസിന് പിന്നിലുള്ള വനിതാ ഹോസ്റ്റൽ, മുണ്ടയ്ക്കൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ കോർപ്പറേഷൻ സജ്ജീകരിച്ചിട്ടുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് കൊവിഷീൽഡ് വാക്‌സിൻ നൽകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് വാക്‌സിനേഷൻ നടത്തുക. സ്റ്റേഡിയത്തിൽ ശനിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്‌സിനേഷൻ സൗകര്യം ലഭ്യമാണ്.
മുണ്ടയ്ക്കൽ അർബൻ ഹെൽത്ത് സെന്ററിൽ ചൊവ്വ, ഞായർ ദിവസങ്ങളിലും വനിതാ ഹോസ്റ്റലിൽ ഞായറാഴ്ചഒഴിച്ചുള്ള ദിവസങ്ങളിലും വാക്‌സിനേഷൻ ലഭിക്കും. തിരിച്ചറിയൽ രേഖയുമായി എത്തിയാൽ അവിടെ തന്നെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി വാക്‌സിൻ നൽകുന്നതിനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ നേരത്തേതന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും മറ്റ് കേന്ദ്രങ്ങളിൽ നിന്ന് ആദ്യ ഡോസ് കൊവിഷീൽഡ് സ്വീകരിച്ചവർക്കും ഇവിടെ നിന്ന് വാക്‌സിൻനെടുക്കാം. ഈ സൗകര്യം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.