ചാത്തന്നൂർ: സ്കൂട്ടറിന് പിന്നിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് ഗൃഹനാഥൻ മരിച്ചു. ചാത്തന്നൂർ ഞവരൂർ നിഷാ മൻസിലിൽ പ്രേംനസീറാണ് (63) മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ദേശീയപാതയിൽ ചാത്തന്നൂർ പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു അപകടം.
തിരുമുക്കിൽ നിന്ന് ചാത്തന്നൂരിലേയ്ക്ക് സ്കൂട്ടറിൽ വരികയായിരുന്ന പ്രേംനസീർ എതിർവശത്തെ വർക്ക്ഷോപ്പിലേയ്ക്ക് തിരിയവേ പിന്നാലെയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി ഒടിഞ്ഞുമാറി. സ്കൂട്ടറിൽ നിന്ന് തെറിച്ച് പ്രേംനസീർ എതിരെ വന്ന മാരുതി കാറിൽ തലയിടിച്ച് വീഴുകയായിരുന്നു. പ്രേംനസീർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കബറടക്കം ഇന്ന് രാവിലെ 9ന് ചാത്തന്നൂർ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: സുഹർബാൻ. മക്കൾ: നിഷാദ്, നിഷ. മരുമക്കൾ: സഹല, അജ്മൽ. ചാത്തന്നൂർ പൊലീസ് കേസെടുത്തു.