കൊട്ടാരക്കര: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോൾ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സാന്നിദ്ധ്യമറിയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ. അടുക്കും ചിട്ടയും വരുത്തിയ മുന്നണിയുടെ തിരഞ്ഞെടുപ്പ് അജണ്ട പൂർത്തീകരണ ഘട്ടത്തിലാണ്. കൺവെൻഷനുകളെല്ലാം പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. പോരായ്മകൾ ഉള്ള ഇടങ്ങളിൽ സംസ്ഥാന നേതാക്കളെത്തി അടിമുതൽ മുടിവരെ പരിശോധിക്കുകയും പരിഹാര നടപടികളെടുക്കുകയും ചെയ്തു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം മത്സരിക്കുന്നതിന്റെ ജാഗ്രതയിലാണ് എല്ലാ ഇടപെടലുകളും. മണ്ഡലം, ലോക്കൽ, ബൂത്ത് കൺവെൻഷനുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. കുടുംബ യോഗങ്ങളും പൂർത്തിയാവുകയാണ്. വ്യാഴാഴ്ച സ്വീകരണ പരിപാടികൾക്ക് കൊട്ടാരക്കര അമ്പലപ്പുറത്ത് സമാപനമായി. ആയിരത്തിലധികം കേന്ദ്രങ്ങളാണ് സ്വീകരണങ്ങൾക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ മുൻകൂട്ടി തയ്യാറാക്കാത്ത സ്വീകരണങ്ങളുമുണ്ടായതോടെ എണ്ണപ്പെരുപ്പമുണ്ടായി. സാധാരണയല്ലാത്തവിധം തെയ്യവും അമ്മൻകുടവും ചെണ്ടമേളവും മറ്റ് കലാപരിപാടികളുമൊക്കെയായി ഉത്സവ സമാനമായിരുന്നു സ്വീകരണ പരിപാടികൾ. ഇന്നലെ ദു:ഖവെള്ളിയായതിനാൽ ക്രിസ്ത്യൻ പള്ളികൾ സന്ദർശിക്കുന്നതിനാണ് മുൻതൂക്കം നൽകിയത്. കോട്ടാത്തലയിൽ തൊഴിലുറപ്പ് തൊഴിലാളി കൺവെൻഷനിലും പങ്കെടുത്തു. മണ്ഡലത്തിലെ മരണ വീടുകളിലും മറ്റ് വിശേഷങ്ങളുള്ള ഇടങ്ങളിലുമൊക്കെ എത്താനും ഇന്നലെ വേണ്ടുവോളം സമയം കണ്ടെത്തി. ഇന്നും നാളെയുമായി മണ്ഡലത്തിന്റെ എല്ലാ കവലകളിലും കോർണർ മീറ്റിംഗുകൾ നടക്കും. പുരോഗമന കലാസാഹിത്യ സംഘം തേവലപ്പുറത്ത് കഥാപ്രസംഗവും സംഘടിപ്പിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിൽ റോഡ് ഷോ ഇന്ന് രാവിലെ നെടുവത്തൂർ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യർത്ഥനകൾ നാല് റൗണ്ട് വീടുകളിലെത്തിച്ചു. ഇനിയും അഭ്യർത്ഥനകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. അനൗൺസ്മെന്റ് വാഹനങ്ങൾ എല്ലായിടത്തും സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ട് എത്തുന്നുണ്ട്.