കുണ്ടറ: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ കേരളത്തിൽ സമഗ്ര വിദ്യാഭ്യാസ തൊഴിൽ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ഡോ. ശശിതരൂർ എം.പി പറഞ്ഞു. കുണ്ടറ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നൂറ് എൻജിനിയർമാരെ എടുത്താൽ അതിൽ എൺപത് പേരും പഠിച്ച പണിയല്ല ചെയ്യുന്നത്. അതിനുള്ള അവസരം കേരളത്തിലില്ല. ഇവിടെ നിന്ന് നിരവധി വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങളിൽ പഠനത്തിന് പോകുന്നുണ്ട്. വിദേശത്തുള്ള പ്രശസ്തമായ യൂണിവേഴ്സിറ്റികൾ കേരളത്തിൽ ആരംഭിക്കണം. അഞ്ചാം ക്ലാസുകാരി മുതൽ ഫാർമസി വിദ്യാർത്ഥി വരെയുള്ളവർ ശശി തരൂരിനോട് ചോദ്യങ്ങൾ ചോദിച്ചു. സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥ് ആമുഖ പ്രഭാഷണം നടത്തി. യു.ഡി.എഫ് കൺവീനർ കുരീപ്പള്ളി സലിം, കൺവീനർ ജി. വേണുഗോപാൽ, സൂരജ് രവി, കെ.ആർ.വി. സഹജൻ, ആന്റണി ജോസ്, കെ. ബാബുരാജൻ, അനീഷ് പടപ്പക്കര, ഫൈസൽ കുളപ്പാടം, കുണ്ടറ സുബ്രഹ്മണ്യൻ, സമദ്, മുഖത്തല ജ്യോതിഷ്, വൈ. ഷാജഹാൻ, വി. ഓമനക്കുട്ടൻ, ഇളമ്പള്ളൂർ സുരേഷ് ബാബു, ജി. അനിൽ കുമാർ, ജേക്കബ് തരകൻ, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.