കൊല്ലം: തിരഞ്ഞെടുപ്പെത്തിയാൽ രവീന്ദ്രന്റെ ഉള്ളിൽ തിരയിളക്കമാണ്, കട്ടിലിൽ കിടന്നുകൊണ്ടുതന്നെ ഉറക്കെ മുദ്രാവാക്യം വിളിച്ചുപോകാറുണ്ട്. ഏഴ് വർഷം മുൻപുവരെ ഇടത് മുന്നണിയുടെ എഴുകോണിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രവർത്തകനായിരുന്നു എഴുകോൺ പുളിയറ സൗമ്യാഭവനിൽ എസ്.രവീന്ദ്രൻ(64). എഴുകോൺ സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു. വിരമിച്ചതിന്റെ തൊട്ടടുത്ത വർഷം വീടിന് സമീപം വച്ചുണ്ടായ വീഴ്ചയിലാണ് രവീന്ദ്രന്റെ ജീവിതം ആകെ തകിടംമറിച്ചത്. മാസങ്ങളോളം ആശുപത്രിവാസംപിന്നെ വീട്ടിലെത്തിയിട്ടും എഴുന്നേൽക്കാനായില്ല. ഇപ്പോൾ കാലുകളും കൈകളുമൊക്കെ ചുരുങ്ങി തീർത്തും അവശതതയിലാണ്. എന്നിട്ടും പഴയ പോരാളിയ്ക്ക് പാർട്ടിയും തിരഞ്ഞെടുപ്പ് പ്രവർത്തനവും ഇപ്പോഴും വലിയ ആവേശമാണ്. കഴിഞ്ഞ ദിവസം രവീന്ദ്രനെ കാണാൻ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലെത്തി. ഏറെനേരം ഒപ്പമിരുന്ന് വർത്തമാനം പറഞ്ഞു. വിദ്യാർത്ഥി-യുവജന സംഘടനാ പ്രവർത്തനം നടത്തിയതും പുനലൂർ എസ്.എൻ.കോളേജ് ചെയർമാനായിരുന്ന ബാലഗോപാലിനോട് അന്ന് നേതാവായിരുന്ന താൻ വർത്തമാനം പറഞ്ഞതുമൊക്കെ രവീന്ദ്രൻ ഓർത്തുപറഞ്ഞു. ഡി.വൈ.എഫ്.ഐ നെടുവത്തൂർ ഏരിയ ജോ.സെക്രട്ടറിയും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രവീന്ദ്രൻ പിന്നീട് സി.പി.എമ്മിന്റെ എഴുകോൺ ലോക്കൽ കമ്മിറ്റി അംഗവുമായി. നന്നായി പ്രസംഗിക്കും, അനൗൺസ്മെന്റാണ് കൂടുതൽ ഹരം. തിരഞ്ഞെടുപ്പുകാലമായാൽ ഉച്ചഭാഷിണിയുമായി നാടുനീളെ സഞ്ചരിക്കുന്നത് രവീന്ദ്രന്റെ ചുമതലയാണ്. വീണുപോയെങ്കിലും വീര്യം കെടാതെ സൂക്ഷിക്കുന്ന രവീന്ദ്രനെപോലെയുള്ളവരാണ് തങ്ങളുടെ കരുത്തെന്ന് ബാലഗോപാലും പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടുമെത്താമെന്ന് പറഞ്ഞാണ് വീടിന്റെ പടിയിറങ്ങിയത്.