chamakkala
ജ്യോതികുമാർ ചാമക്കാലയുടെ അമ്മയും ഭാര്യയും മക്കളും പാതിരിക്കൽ ബാലവാടി ജംഗ്ഷനിലെ വീട്ടിൽ വോട്ട് അഭ്യർത്ഥിക്കുന്നു.

പത്തനാപുരം : ഉച്ചയ്ക്ക് 12 മണി കൊടും ചൂട് പാതിരിക്കൽ ബാലവാടി ജംഗ്ഷനിൽ ഒരു സംഘം ആളുകൾ വീടുകൾ കയറി ഇറങ്ങി വോട്ട് തേടുന്നു. വീട്ടുകാർ ഇറങ്ങി വരുമ്പോൾ എന്റെ മകൻ ജ്യോതികുമാറിന് വോട്ട് ചെയ്യണം. അതിന് പിന്നാലെ എന്റെ ഭർത്താവാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന വാക്കുകൾ . അതും കഴിയുമ്പോൾ ഞങ്ങടെ അച്ഛനെ കൈപ്പത്തി അടയാളത്തിൽ വോട്ട് നൽകി ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്ന് വിനയത്തോടെയുള്ള വാക്കുകൾ.യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയുടെ അമ്മ സരസ്വതിയമ്മയും ഭാര്യ ഗായത്രിയും മക്കളായ സൗപർണികയും അനാമികയുമാണ് വോട്ട് തേടി ഇറങ്ങിയത്.

ചൂട് വകവയ്ക്കാതെ

കൊടും ചൂട് വകവയ്ക്കാതെ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം വീടുകൾ കയറി വോട്ട് തേടുകയാണ് ഈ കുടുംബം. അമ്മ സരസ്വതിയമ്മ പ്രായത്തിന്റെ അവശത വക വെക്കാതെ ഉഷാറിലാണ്. ഭാര്യ ഗായത്രി തിരുവനന്തപുരം നെല്ലിക്കോട് മദർ തെരേസ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഫിസിക്സ് അദ്ധ്യാപികയാണ്. സൗപർണികയും അനാമികയും തിരുവനന്തപുരം ക്രിസ്റ്റ് നഗർ സെന്റർ സ്കൂളിലാണ് പഠിക്കുന്നത് . ജ്യോതികുമാറിന്റെ കുടുംബ സുഹൃത്തിന്റെ വീട്ടിൽ താമസിച്ചാണ് കുടുംബം വോട്ടർമാരെ നേരിൽ കാണുന്നത്. ആറാം തീയതി വോട്ടെടുപ്പിന് ശേഷമേ മടങ്ങുകയുള്ളു. ജ്യോതികുമാറിന്റെ വിജയം ഉറപ്പാണെന്നും പത്തനാപുരത്ത് സ്ഥിര താമസമാക്കുമെന്നും ഭാര്യയും മക്കളും പറയുന്നു. പ്രവാസി അസോസിയേഷൻ ഭാരവാഹി ജേക്കബ് പത്തനാപുരം,ബ്ലോക്ക് മെമ്പർ പൊന്നമ്മ ജയൻ , മുൻ പഞ്ചായത്ത് അംഗം റോയി ജോർജ് തുടങ്ങിയ നേതാക്കളും പ്രവർത്തകരും കുടുംബത്തോടൊപ്പം വോട്ട് അഭ്യർത്ഥിച്ച് ഒപ്പമുണ്ട്.