sujith
ഇടത് സ്ഥാനാർത്ഥി ഡോ. സുജിത് വിജയൻ പിള്ളയ്ക്ക് ചവറ ഈസ്റ്റിൽ നൽകിയ സ്വീകരണം

ചവറ: ഇടത് സ്ഥാനാർത്ഥി ഡോ.സുജിത് വിജയൻപിള്ളയുടെ വിജയമുറപ്പാക്കിയ പര്യടനങ്ങൾ ശനിയാഴ്ച്ച പന്മനയിൽ സമാപിക്കും. ഇന്നലെ ചവറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണത്തിൽ വിവിധ കേന്ദ്രങ്ങളിലായി സ്ത്രീകളുംകുട്ടികളും മുതിർന്നവരും ഉൾപ്പടെ നിരവധി പേർ എത്തിച്ചേർന്നു. എൻ. വിജയൻ പിള്ള എം. എൽ.എ നാട്ടിൽ നടപ്പിലാക്കിയ വികസനങ്ങൾക്കും സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളിലൂടെയും നാട്ടിൽ സാധാരണക്കാർക്ക് ജീവിത സുരക്ഷിതത്വമേകിയ ഇടതുപക്ഷ സർക്കാരിന് മാത്രമാണ് വോട്ട് എന്ന് ഉറക്കെ പറഞ്ഞ് കൊണ്ടാണ് ഓരോ കേന്ദ്രങ്ങളിലുമായി ഡോ.സുജിതിനെ സ്വീകരിക്കാനായി ജനം ഒഴുകി എത്തിയത്. രാവിലെ 8 ന് ചവറ തുണ്ടിൽ മുക്കിൽ നിന്നുമാണ് ചവറയിലെ സ്വീകരണ പരിപാടികൾക്ക് തുടക്കമായത്. തുറന്ന വാഹനത്തിലായി വാദ്യമേളങ്ങളുടെ അകമ്പടിയിൽ നിറ പുഞ്ചിരിയുമായി കൈ വീശി സുജിത് എത്തിയതോടെ പടക്കം പൊട്ടിച്ചും പൂക്കൾ നൽകിയും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ പതിച്ച് കൊടികളേന്തി മുപ്പതിൽ പരം ബുള്ളറ്റുകൾ ആദ്യവും തൊട്ട് പിന്നിലായി നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ വിജയം ഉറപ്പാക്കി വിവിധ കേന്ദ്രങ്ങളിലെത്തിയ സ്ഥാനാർത്ഥിയെ നാട് സ്നേഹാഭിവാദ്യങ്ങളോടെ സ്വീകരിച്ചു. സ്വീകരണം ഏറ്റുവാങ്ങിയ സുജിത് ഇടതു പക്ഷ സർക്കാർ നാട്ടിൽ നടപ്പിലാക്കിയ വികസനങ്ങൾക്ക് വോട്ട് നൽകണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് അൻപതിൽ പരം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊട്ടുകാട്ടിൽ സമാപിച്ചു. വൻ ജനാവലിയാണ് കൊട്ടുകാട് സ്ഥാനാർത്ഥിയെ സ്വീകരിക്കാനായി എത്തിയത്.
സ്വീകരണ പരിപാടി സി.പി .എം ജില്ലാ കമ്മിറ്റിയംഗം രാജമ്മ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ഉണ്ണിതാമരാൽ അദ്ധ്യക്ഷനായി. സംജിത്ത് സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി ടി. മനോഹരൻ, എൻ. വിക്രമ കുറുപ്പ്, ജ്യോതിഷ് കുമാർ, ശ്യാം മോഹൻ, സി. രതീഷ്, ആർ .രാഹുൽ, എൻ. ചന്ദ്രൻ, റിയാദ് എന്നിവർ സംസാരിച്ചു.