കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ കൊല്ലം മണ്ഡലത്തിൽ വോട്ടർമാരെ ഒരിക്കൽകൂടി നേരിൽക്കാണാനുള്ള ഓട്ടത്തിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ. ഇന്നലെ ദുഃഖവെള്ളിയായതിനാൽ ചിലയിടങ്ങളിലെ സ്വീകരണപരിപാടികൾ ഒഴിവാക്കിയായിരുന്നു പ്രചാരണം. ദേവാലയങ്ങളിലെത്താനും പ്രദക്ഷിണ പരിപാടികളിൽ പങ്കെടുക്കാനും എല്ലാ സ്ഥാനാർത്ഥികളും സമയം കണ്ടെത്തി.
അഡ്വ. ബിന്ദുകൃഷ്ണ
ഇന്നലെ കടപ്പാക്കട, ആശ്രാമം മേഖലയിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ബിന്ദുകൃഷ്ണയുടെ സ്വീകരണ പരിപാടികൾ. വൈകിട്ട് അഞ്ചാലുംമൂട്, പനയം പ്രദേശങ്ങളിലെത്തി ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് ഓർത്തഡോക്സ് ദേവാലയത്തിലെത്തി വിശ്വാസികളോട് സഹായം അഭ്യർത്ഥിച്ചു. നോമ്പ് കഞ്ഞി കഴിച്ചതിന് ശേഷമാണ് ബിന്ദുകൃഷ്ണ മടങ്ങിയത്.
എം. മുകേഷ്
ഇന്നലെ മണ്ഡലത്തിലെ വിവിധയിടങ്ങളിലെത്തി വോട്ടർമാരെ നേരിൽക്കാണുന്ന തിരക്കിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ്. സ്വീകരണ പരിപാടികൾ ഒഴിവാക്കിയാണ് അദ്ദേഹം വോട്ടർമാർക്കിടയിലേക്കെത്തിയത്. കരുവ മുസ്ലിം പള്ളിയിലും അഷ്ടമുടി, ഇഞ്ചവിള ക്രൈസ്തവ ദേവാലയങ്ങളിലും സന്ദർശനം നടത്തി. നോമ്പുതുറയിൽ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.
എം. സുനിൽ
എൻ.ഡി.എ സ്ഥാനാർത്ഥി എം. സുനിൽ ഇന്നലെ നഗരത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് വോട്ടുതേടി. കോർപ്പറേഷനിലെ കച്ചേരി, മുളങ്കാടകം പ്രദേശങ്ങളിലെത്തി സ്വീകരണപരിപാടികളിൽ പങ്കെടുത്തു. തുടർന്ന് പലയിടങ്ങളിലും ഗൃഹസന്ദർശനം നടത്തിയ ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്.
ബിന്ദു കൃഷ്ണയുടെ ഇന്നത്തെ പര്യടനം
കൊല്ലം : യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയ്ക്ക് ഇന്ന് രാവിലെ കൊച്ചാലുംമൂട് തൃക്കടവൂർ വെസ്റ്റിൽ സ്വീകരണം നൽകും. സ്വീകരണ പര്യടനം കെ.പി.സി.സി ജന. സെക്രട്ടറി എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 മണിക്ക് മങ്ങാട് നിന്ന് ആരംഭിക്കുന്ന സ്വീകരണ പര്യടനം കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്യും.