കൊല്ലം: നിയമസഭാ സീറ്റ് നിലനിറുത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും അട്ടിമറിക്കാൻ എൻ.ഡി.എയും കച്ചകെട്ടിയിറങ്ങിയ മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. നിലവിലെ എം.എൽ.എ എം. മുകേഷ് തന്നെയാണ് ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർത്ഥി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുമുൻപു വരെയും കൊല്ലം ഡി.സി.സി പ്രസിഡന്റായിരുന്ന അഡ്വ. ബിന്ദുകൃഷ്ണയെയാണ് യു.ഡി.എഫ് കൊല്ലത്ത് രംഗത്തിറക്കുന്നത്. എൻ.ഡി.എയ്ക്ക് വേണ്ടി മത്സരരംഗത്തുള്ളത് എം. സുനിലാണ്.
പരസ്യ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ നവമാദ്ധ്യമങ്ങളിലൂടെ പരസ്പരം കടന്നാക്രമിക്കുകയാണ് സ്ഥാനാർത്ഥികൾ. ആശയപരമായ സംവാദം അതിരുവിടാതിരിക്കാനും പരസ്പരബഹുമാനം നിലനിറുത്താനും മൂന്ന് സ്ഥാനാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് പരസ്പരം മറുപടികൾ നൽകി എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ സജീവമാകുമ്പോൾ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഇടത്, വലത് മുന്നണികൾക്കെതിരെ വിമർശനമുന്നയിക്കുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
ഒന്നിലധികം തവണ മണ്ഡല പര്യടനം, സ്വീകരണം, ഗൃഹസന്ദർശനം തുടങ്ങിയവ പൂർത്തിയാക്കി പുത്തൻ ആശയങ്ങൾ തേടുകയാണ് ഓരോ സ്ഥാനാർത്ഥികളും. ചലച്ചിത്ര, സീരിയൽ താരങ്ങളും പ്രമുഖരായ കേന്ദ്ര, സംസ്ഥാന നേതാക്കളും കൊല്ലത്തെ പ്രചാരണ പരിപാടികളിൽ സജീവമാണ്. കടുത്ത മത്സരം നിലനിൽക്കുന്ന കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയ്ക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിനും ശക്തമായ ജനപിന്തുണയുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥി എം. സുനിലിന് പൊതുപ്രവർത്തനരംഗത്തെ പരിചയത്തിന്റെ പേരിൽ രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളും മണ്ഡലത്തിലുണ്ട്.
കൊല്ലം
2016ലെ വോട്ടർമാർ: 1,72,552
2021ലെ വോട്ടർമാർ: 1,76,041
2016 ലെ വോട്ടിംഗ് ശതമാനം
എൽ.ഡി.എഫ്: 48.81
യു.ഡി.എഫ്: 35.19
എൻ.ഡി.എ: 13.47