കൊല്ലം: മാറിമറിയുന്ന രാഷ്ട്രീയ മനസാണ് കൊല്ലത്തിന്റേത്. അതുകൊണ്ട് തന്നെ കൃത്യമായ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ അസാദ്ധ്യം. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി, ചവറ, ചാത്തന്നൂർ, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര, ചടയമംഗലം, കുന്നത്തൂർ, കൊല്ലം, പുനലൂർ, പത്തനാപുരം എന്നീ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ്. വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയത്.
എന്നാല്‍, അതിന് നേരെ വിപരീതമായിരുന്നു 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്വന്തമാക്കിയ വിജയം.
എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിന് ശേഷം വന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതെല്ലാം മാറ്റിമറിക്കുന്നതായിരുന്നു ഫലം.
വോട്ട് വിഹിതം
2016ൽ 50.7 ശതമാനമായിരുന്നു എല്‍.ഡി.എഫിന്റെ വോട്ടുവിഹിതം. യു.ഡിഎ.ഫിന് 33.8 ശതമാനം. എന്നാല്‍, 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലാകെ രേഖപ്പെടുത്തിയ വോട്ട് 15,61,718 ആയിരുന്നു. ഇതില്‍ എല്‍.ഡി.എഫിന് കിട്ടിയ വോട്ട് 5,81,427 ആയി കുറഞ്ഞു. ഇതോടെ എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം 37.2 ആയി കുറയുകയും യു.ഡി.എഫിന്റേത് 48.64 ശതമാനമായി ഉയരുകയും ചെയ്തു.
തുടർന്ന് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വോട്ട് വിഹിതം 43 ശതമാനമാക്കി ഉയർത്തി. അതേസമയം, യു.ഡി.എഫ്. 34.2 ശതമാനമായി കുറയുകയാണ് ചെയ്തത്. എന്‍.ഡി.എ. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം 12.8 ശതമാനവും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12.36 ശതമാനവുമായിരുന്നു. 2020-ലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.ക്ക് ലഭിച്ച വോട്ട് ഉയരുകയും 19.6 ശതമാനമായി വോട്ടുവിഹിതം ഉയരുകയും ചെയ്തിട്ടുണ്ട്.
1.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവ, തൊടിയൂർ, കരുനാഗപ്പള്ളി പഞ്ചായത്തുകള്‍ ചേർന്നതാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം. ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം പിന്നീട് ഏറ്റവും കൂടുതല്‍ തവണ എല്‍.ഡി.എഫിനൊപ്പം നിന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും കടുത്ത മത്സരം നടത്തിയ മണ്ഡലത്തില്‍ സി.പി.ഐ. സ്ഥാനാർത്ഥിയായ ആർ. രാമചന്ദ്രന്‍ 1759 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന സി.ആർ. മഹേഷ് തന്നെയാണ് ഇത്തവണയും എതിരാളി. ബി.ജെ.പി സ്ഥാനാർത്ഥിയായി അഡ്വ. ബിറ്റി സുധീറും മത്സരരംഗത്തുള്ള ഇവിടെ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. തുച്ഛമായ വോട്ടുകൾക്ക് കഴിഞ്ഞ തവണ ഇടതുമുന്നണി വിജയം നേടി ഇവിടെ ഇടതു- വലതുമുന്നണികൾ വിജയപ്രതീക്ഷയിലാണ്.
2.ചവറ
ആർ.എസ്.പി. സ്ഥാപക നേതാക്കളിലൊരാളായ ബേബി ജോണിനെ മൂന്ന് പതിറ്റാണ്ട് നിയമസഭയിലേക്കെത്തിച്ച മണ്ഡലമാണ് ചവറ. ബേബി ജോണ്‍ വളരെക്കാലമായി പ്രതിനിധീകരിച്ചു കൊണ്ടിരുന്ന ചവറ മണ്ഡലത്തില്‍ 2001ല്‍ ആർ.എസ്.പി. സ്ഥാനാർത്ഥിയായി മത്സരരംഗത്തിറങ്ങിയ ഷിബു ബേബിജോൺ പിന്നീട് യു.ഡി.എഫിനൊപ്പം ചേരുകയായിരുന്നു. എല്‍.ഡി.എഫിന് നഷ്ടമായ മണ്ഡലം എന്‍. വിജയന്‍പിള്ളയിലൂടെയാണ് പാർട്ടി തിരിച്ച് പിടിച്ചത്. സിറ്റിംഗ് എം.എല്‍.എയായിരുന്ന എന്‍. വിജയന്‍പിള്ളയുടെ മകന്‍ ഡോ. സുജിത് വിജയനാണ് സി.പി.എം സ്ഥാനാർത്ഥി. മണ്ഡലത്തിലെ വിജയന്‍പിള്ളയുടെ വ്യക്തിപരമായ സ്വാധീനവും അതോടൊപ്പം സഹതാപതരംഗവും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് സി.പി.എം. സീരിയൽ താരം വിവേക് ഗോപനാണ് ബി.ജെ.പി സ്ഥാനാർത്ഥി. ബി.ജെ.പിയ്ക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ പരമാവധി വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ ബി.ജെ.പിയും പ്രചാരണരംഗത്ത് സജീവമാണ്.
3. കുന്നത്തൂർ
കേരളപ്പിറവിമുതലുള്ള ചരിത്രം പരിശോധിച്ചാല്‍ കുന്നത്തൂര്‍ നിയോജക മണ്ഡലമൊഴികെ മറ്റൊരു മണ്ഡലവും സ്ഥിരമായി ഒരു മുന്നണിയെയും തുണച്ചിട്ടില്ല. ആർ.എസ്.പിയുടെ കുത്തക മണ്ഡലമെന്നാണ് കുന്നത്തൂരിനെ അറിയപ്പെടുന്നത്. ആർ.എസ്.പി. എല്‍.ഡി.എഫ്. വിട്ടപ്പോഴും കോവൂർ കുഞ്ഞുമോനടക്കമുള്ളവർ ആർ.എസ്.പി. ലെനിനിസ്റ്റ് ആയി എല്‍.ഡി.എഫിനൊപ്പം തുടരുകയായിരുന്നു. 2001 മുതല്‍ കഴിഞ്ഞ നാല് തവണയും കുന്നത്തൂരുകാർ നിയമസഭയിലേക്ക് അയച്ചത് കോവൂർ കുഞ്ഞുമോനെയാണ്. കഴിഞ്ഞ വർഷം കുഞ്ഞുമോനോട് മത്സരിച്ച് പരാജയപ്പെട്ട ഉല്ലാസ് കോവൂരാണ് ഇത്തവണയും എതിരാളി. 20,529 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു 2016ൽ കുഞ്ഞുമോന്‍ ജയിച്ചത്. ഇവിടെ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇവിടെ അട്ടിമറി വിജയം പ്രതീക്ഷിച്ചിരിക്കുകയാണ് യു.ഡി.എഫ് ക്യാമ്പുകൾ.
4. കൊട്ടാരക്കര
കോണ്‍ഗ്രസിനൊപ്പവും ഇടത്പക്ഷത്തിനൊപ്പവും നിന്നിട്ടുള്ള മണ്ഡലമാണ് കൊട്ടാരക്കര. 1977 മുതല്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ഏഴ് തവണ തുടർച്ചയായി മണ്ഡലം പിടിച്ചെടുത്തു. പിന്നീട് 2006-ല്‍ സി.പി.എം. സ്ഥാനാർത്ഥിയായി ഐഷ പോറ്റി എത്തുകയും കൊട്ടാരക്കര സി.പി.എം. കൈപ്പിടിയിലൊതുക്കുകയുമായിരുന്നു. ഇത്തവണ മുന്‍ എം.പി. കെ.എന്‍. ബാലഗോപാലിനെയാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയത്. ജില്ലാ പഞ്ചായത്തംഗമായ ആർ. രശ്മിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പിനേതാവ് വയയ്ക്കൽ സോമനും മത്സര രംഗത്തുള്ള ഇവിടെ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്
5. പത്തനാപുരം
രണ്ട് പതിറ്റാണ്ടായി കേരള കോണ്‍ഗ്രസ് ബി സ്ഥാനാർത്ഥിയായ കെ.ബി ഗണേശ്കുമാറിനെ തുടർച്ചയായി വിജയിപ്പിക്കുന്ന മണ്ഡലമാണിത്. 2016-ല്‍ എല്‍.ഡി.എഫിന് വേണ്ടി മത്സരിച്ച ഗണേശ്കുമാറിന്റെ മുഖ്യ എതിരാളികള്‍ ചലച്ചിത്രരംഗത്ത് നിന്നുള്ളവർ തന്നെയായിരുന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയാണ് ഇത്തവണ ഗണേശിന്റെ പ്രധാന എതിരാളി. എൻ.ഡി.എ സ്ഥാനാർത്ഥി ജിതിൻ ദേവും ഇവിടെ മത്സരരംഗത്തുണ്ട്. അട്ടിമറി വിജയമാണ് ജ്യോതികുമാറിന്റെ ലക്ഷ്യം. എന്നാൽ, സർക്കാരിന്റ വികസന പ്രവർത്തനങ്ങളും തന്റെ വ്യക്തിപ്രഭാവവും ഇത്തവണയും തനിക്ക് അനുകൂലമാക്കും കാര്യങ്ങളെന്നാണ് ഗണേശ് കുമാറിന്റെ അവകാശവാദം.
6. പുനലൂർ
സി.പി.ഐ. ഏറ്റവും കൂടുതല്‍ തവണവിജയിച്ച മണ്ഡലമാണ് പുനലൂർ. 2006 മുതല്‍ കെ. രാജുവിനെയാണ് പുനലൂർ നിയമസഭയിലേക്ക് അയച്ചത്. സി.പി.ഐ നേതാവായ പി.എസ് സുപാലാണ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി. മുസ്ലിം ലീഗിന്റെ സീറ്റായ ഇവിടെ ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ രണ്ടത്താണിയെയാണ് യു.ഡി.എഫ് മസ്തരരംഗത്തിറക്കിയത്. എന്നാൽ പുനലൂരിൽ ഇത്തവണയും വിജയം ആവർത്തിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശം. മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരായ പോരാട്ടമെന്ന സന്ദേശവുമായി മത്സരരംഗത്തുള്ള എൻ.ഡി.എ സ്ഥാനാർത്ഥി ആയൂർ മുരളിയും പ്രചാരണരംഗത്ത് സജീവമാണ്.
7. ചടയമംഗലം
ഇടത് ചായ്വുള്ള മണ്ഡലമാണ് ചടയമംഗലം . പതിന്നാല് നിയമസഭകളിലും മൂന്ന് തവണ മാത്രമാണ് മണ്ഡലം ഇടതിനെ കൈവിട്ടത്. 2006 മുതല്‍ ചടയമംഗലത്ത് നിന്ന് നിയമസഭയിലേക്ക് അയക്കുന്നത് മുല്ലക്കര രത്‌നാകരനെയാണ്. 2006-ല്‍ സിറ്റിംഗ് എം.എല്‍.എ. പ്രയാർ ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തിയത്. എം.എം നസീറാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജെ.ചിഞ്ചുറാണിയാണ് മത്സരിക്കുന്നത്. വിഷ്ണു പട്ടത്താനമാണ് ബി.ജെ.പി സ്ഥാനാർത്ഥി.
8. കുണ്ടറ
എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒപ്പം മാറി മാറി നിന്നിട്ടുള്ള മണ്ഡലമാണ് കുണ്ടറ. 2006 മുതല്‍ കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടത്പക്ഷത്തോടൊപ്പമായിരുന്നു മണ്ഡലം. ഇത്തവണയും മസ്തരരംഗത്തുള്ള മേഴ്സിക്കുട്ടിയമ്മ സർക്കാരിന്റെ ഭരണനേട്ടങ്ങളും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും തനിക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് അവർ. പി.സി വിഷ്ണുനാഥാണ് എതിരാളി. കോൺഗ്രസ് സ്ഥാനാർത്ഥിയും മിൽമ ചെയർമാനുമായിരുന്ന കല്ലട രമേശിന് സീറ്റ് നൽകാത്തത് കോൺഗ്രസിൽ തുടക്കത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയാക്കിയിരുന്നു. മത്സരരംഗം സജീവമായ ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായി വനജാ വിദ്യാധരനും രംഗത്തുണ്ട്.
9. കൊല്ലം
ഇടത്-വലത് മുന്നണികൾക്കൊപ്പം മാറിയും തിരിഞ്ഞും നിന്നിട്ടുള്ള മണ്ഡലമാണ് കൊല്ലം. 2016-ല്‍ ചലച്ചിത്രതാരം എം. മുകേഷാണ് കൊല്ലത്ത് നിന്ന് നിയമസഭയിലേക്ക് എത്തിയത്. 17,611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുകേഷ് ജയിച്ചത്. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. തുടക്കം മുതൽ ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രചാരണത്തിൽ മുൻതൂക്കം നേടാൻ ബിന്ദുകൃഷ്ണയ്ക്കായിട്ടുണ്ട്. ബി.ജെ.പിയുടെ ജില്ലയിലെ പ്രധാന നേതാവായ എം. സുനിലാണ് ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി.
10. ഇരവിപുരം
പതിറ്റാണ്ടുകൾക്ക് മുമ്പ് ഒറ്റത്തവണയൊഴികെ എക്കാലവും ഇടതിനൊപ്പം നിന്ന മണ്ഡലമാണ് ഇരവിപുരം. മണ്ഡലം ദീർഘകാലം ആർ.എസ്.പിയുടെ കൈകളിലായിരുന്നു. സിറ്റിംഗ് എം.എൽ.എ എം.നൗഷാദ് തന്നെയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. മുന്‍മന്ത്രികൂടിയായ ആർ.എസ്.പി നേതാവ് ബാബുദിവാകരനെയാണ് യു.ഡി.എഫ് എതിരാളിയായി കളത്തിലിറക്കിയത്. രഞ്ജിത്ത് രവീന്ദ്രൻ എൻ.ഡി.എ സ്ഥാനാർത്ഥിയായും ജനവിധി തേടുന്ന ഇവിടെ സമുദായിക ഘടകങ്ങളും വിജയം നിർണയിക്കുന്നതിൽ നിർണായകഘടകമാണ്.
11. ചാത്തന്നൂർ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബി.ജെ.പി വ്യക്തമായ മുന്നേറ്റം കാഴ്ച വച്ച മണ്ഡലമാണ് ചാത്തന്നൂർ. കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പിയുടെ ഗോപകുമാർ 33199 വോട്ടുകള്‍ നേടിയിരുന്നു. മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ ജി.എസ്. ജയലാല്‍ 34407 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് നിയമസഭയിലേക്ക് എത്തിയത്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബി.ജെ.പി. ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാർ ഇത്തവണ വിജയപ്രതീക്ഷയിലാണ്. സംസ്ഥാനത്തെ സമുന്നത കോൺഗ്രസ് നേതാവും മുൻ എം.പിയുമായ പീതാംബരക്കുറുപ്പിനെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലാണ് യു.ഡി.എഫ്.