photo
പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പിനൊപ്പം അന്നമൂട്ടൽ പദ്ധതി കാഷ്യു വർക്കേഴ്സ് സ്റ്റാഫ് യൂണിയൻ(സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ : അനാഥാലയത്തിൽ അന്നംവിളമ്പി മഹിളാ അസോസിയേഷൻ പ്രവർത്തകരുടെ വേറിട്ട തിരഞ്ഞെടുപ്പ് പ്രവർത്തനം. ഇടത് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് വേണ്ടി ജനാധിപത്യ മഹിളാ അസോസിയേഷൻ കോട്ടാത്തല മരുതൂർ യൂണിറ്റിലെ പ്രവർത്തകർ അഭ്യർത്ഥനയുമായി മൂന്ന് തവണ ഭവന സന്ദർശനം നടത്തിയിരുന്നു. സ്വീകരണ പരിപാടികളിലും കൺവെൻഷനുകളിലും കുടുംബ യോഗങ്ങളിലും ചായക്കട സംവാദത്തിലുമടക്കം പങ്കെടുത്തവരാണ് അവരവരുടെ വീടുകളിൽ പൊതിച്ചോർകെട്ടി അനാഥാലയത്തിൽ അന്നം വിളമ്പാൻ തീരുമാനിച്ചത്. ജില്ലാപഞ്ചായത്തിന് കീഴിലുള്ള പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ഇന്നലെ രാവിലെ പൊതിച്ചോറുകളുമായെത്തിയ പ്രവർത്തകർ അവിടുത്തെ അച്ഛനമ്മമാരുമായി കൂട്ടുകൂടി. പഴയ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും നാട്ടിൻപുറത്തെ വിശേഷങ്ങളുമൊക്കെ അച്ഛനമ്മമാർ പറഞ്ഞപ്പോൾ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സർക്കാരിന്റെ അഞ്ചുവർഷത്തെ പ്രവർത്തന നേട്ടങ്ങളുമൊക്കെ മഹിളാ പ്രവർത്തകരും പറഞ്ഞു. മുത്തശിക്കഥകളും സായന്തന വിശേഷങ്ങളുമൊക്കെയായി മുത്തശിമാരൊക്കെ വാചാലരായി. പിന്നെ പാട്ടും കവിതയുമായി മണിക്കൂറുകൾ നീങ്ങി. തുടർന്ന് നടന്ന യോഗം കാഷ്യു വർക്കേഴ്സ് സ്റ്റാഫ് യൂണിയൻ(സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ഗീത ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, മുൻ പ്രസിഡന്റ് സി.രാധാമണി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോട്ടാത്തല ശ്രീകുമാർ, ജി.രവീന്ദ്രൻ പിള്ള, ആർ.ബിജു, സുനി.എൻ.രാജൻ, യൂണിറ്റ് സെക്രട്ടറി സ്മിതാമോൾ, ലീജ സുരേഷ്, ജയശ്രീ, ലീല രാജേന്ദ്രൻ, യു.ആർ.രമീഷ, സുമ അശോക്, ബാലസംഘം കൺവീനർ തനുജ മണിലാൽ, ജയശ്രീ, സരിത, സുമാംഗി, ശാരു, നിരഞ്ജന എന്നിവർ സംസാരിച്ചു.