കൊല്ലം: പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും വൃന്ദാകാരാട്ടും പിണറായി വിജയനുമടക്കം നേതാക്കളുടെ ഒരു പടതന്നെ ഇക്കുറി പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കെത്തി. പ്രചാരണത്തിൽ ആരാണ് മുന്നിലെന്ന് പറയാനുമൊക്കില്ല, അടുക്കും ചിട്ടയുംവരുത്തി മുന്നണികളുടെ പ്രവർത്തനങ്ങൾ ഉഷാറായപ്പോൾ സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെടുന്ന ജില്ലയായി പത്തനംതിട്ട മാറി. ഓരോ മണ്ഡലത്തിലും തീപാറുന്ന പ്രവർത്തനമാണ്. അതുകൊണ്ടുതന്നെ വിജയം ആർക്കൊക്കെ ഒപ്പം നിൽക്കുമെന്ന അങ്ങനെ പ്രവചിക്കാനും ആർക്കുമാകില്ല.
ശബരിമല വിഷയം കത്തിക്കാളിയ സമയം മുതലാണ് പത്തനംതിട്ടയുടെ ഗതി മാറിയത്. ശബരിമല കഴിഞ്ഞുപോയ വിഷയമാണെന്ന് ഇടത് മുന്നണി പറഞ്ഞൊഴിയാൻ നോക്കുമ്പോഴും അതിന്റെ പ്രസക്തി വിട്ടുകളയാൻ മറുപക്ഷം തയ്യാറല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി ശരണംവിളിച്ചതോടെ അതിന്റെ പ്രാധാന്യവുമേറി. കോന്നി, അടൂർ, തിരുവല്ല, ആറന്മുള, റാന്നി നിയോജക മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. അഞ്ചിൽ നാലിടത്തും 2016ൽ ഇടത് മുന്നണി വിജയിച്ചിരുന്നു. 2019ൽ ഉപതിരഞ്ഞെടുപ്പിലൂടെ കോന്നികൂടി പിടിച്ചെടുത്തതോടെ സമ്പൂർണ ഇടത് ആധിപത്യമാണ് പത്തനംതിട്ടയിൽ നിലനിന്നിരുന്നത്. എന്നാൽ പത്തനംതിട്ടയുടേത് ചാഞ്ചാടുന്ന മനസാണെന്ന് എല്ലാവർക്കും അറിയാം. ആരുമങ്ങനെ തുടർച്ചയായി ജയിക്കേണ്ടെന്ന് തീരുമാനിക്കാറുണ്ട് ഇവിടുത്തുകാർ.
റാന്നി ഒഴികെ മറ്റ് നാലിടത്തും സിറ്റിംഗ് എം.എൽ.എമാരെ ഇടത് മുന്നണി വീണ്ടും അങ്കത്തട്ടിലേറ്റിയെങ്കിലും മത്സരം കടുകട്ടിയാണെന്ന് ഇടത് കേന്ദ്രങ്ങളും സമ്മതിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചു മണ്ഡലങ്ങളിലും വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച പൊയുയോഗങ്ങളിൽ സംസാരിച്ചത് ജില്ലയിൽ സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞ് വോട്ടുനേടാനാണ്. അതേ സമയം, യു.ഡി.എഫ് വലിയ പ്രതീക്ഷയോടെയാണ് ഓരോ മണ്ഡലത്തെയും വീക്ഷിക്കുന്നത്. യു.ഡി.എഫ് ഒന്നോ രണ്ടോ സീറ്റുകൊണ്ട് ഒതുങ്ങില്ലെന്നും ജില്ലയിൽ സമ്പൂർണ വിജയം നേടുമെന്നും നേതാക്കൾ പറയുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കോന്നിയിൽ വലിയ വിജയ പ്രതീക്ഷയിലാണ്. ശബരിമല വിഷയമടക്കം ഉയർത്തിക്കാട്ടി ജില്ലയിൽ പലയിടത്തും എൻ.ഡി.എ പ്രതീക്ഷയർപ്പിക്കുന്നു. കോന്നിയ്ക്ക് പുറമെ ആറന്മുളയാണ് അവർക്ക് വലിയ പ്രതീക്ഷ.
അടൂർ
പക്കാ യു.ഡി.എഫ് മണ്ഡലമായിരുന്ന അടൂർ 2011ൽ സി.പി.ഐയുടെ ചിറ്റയം ഗോപകുമാറിന്റെ വിജയത്തോടെയാണ് ചുവന്നത്. 607 വോട്ടിനാണ് ചിറ്റയം അന്ന് ജയിച്ചത്. എന്നാൽ, 2016ൽ കാൽ ലക്ഷത്തിലധികം ഭൂരിപക്ഷം ചേർത്തുവയ്ക്കാനായിരുന്നു. ഹാട്രിക്കിനൊരുങ്ങിയപ്പോൾ ഇക്കുറി പക്ഷെ, മത്സരം കടുകട്ടിയാണ്. യു.ഡി.എഫിന്റെ കണ്ണന്റെ സ്വീകാര്യത വർദ്ധിച്ചത് വളരെ പെട്ടെന്നാണ്. എൻ.ഡി.എയുടെ പന്തളം പ്രതാപൻ പ്രചാരണത്തിൽ മുന്നിലുണ്ടുതാനും.
ആറന്മുള
ആറന്മുളയിൽ ഇടത് മുന്നണിയുടെ വീണാ ജോർജ്ജും യു.ഡി.എഫിന്റെ കെ.ശിവദാസൻ നായരും എൻ.ഡി.എയുടെ ബിജു മാത്യുവും തമ്മിലാണ് ശക്തമായ ത്രികോണ മത്സരം നടത്തുന്നത്.
കോന്നി
കോന്നിയിൽ ശക്തമായ ത്രികോണ മത്സരമാണ്. കെ.യു. ജനീഷ് കുമാർ ഇടത് മുന്നണിയ്ക്ക് വേണ്ടിയും റോബിൻ പീറ്റർ യു.ഡി.എഫിന് വേണ്ടിയും കെ.സുരേന്ദ്രൻ എൻ.ഡി.എയ്ക്ക് വേണ്ടിയുമിറങ്ങിയപ്പോൾ ഫലം പ്രവചനാതീതമാണ്. പ്രചാരണരംഗത്തും ആരാണ് മുന്നിലെന്ന് പറയാനൊക്കില്ല. എല്ലാ മുന്നണി നേതാക്കളും കോന്നിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.
തിരുവല്ല
തിരുവല്ലയിൽ അഞ്ചാം വിജയത്തിനായിട്ടാണ് ഇടത് മുന്നണിയുടെ മാത്യു ടി. തോമസ് കളത്തിലിറങ്ങിയത്. യു.ഡി.എഫിന്റെ കുഞ്ഞുകോശി പോളും എൻ.ഡി.എയുടെ അശോകൻ കുളനടയും ചില്ലറക്കാരല്ലെന്ന് ബോദ്ധ്യപ്പെട്ടത് ഇപ്പോഴാണ്.
റാന്നി
റാന്നിയിൽ എൽ.ഡി.എഫിന്റെ പ്രമോദ് നാരായണനും യു.ഡി.എഫിന്റെ റിങ്കു ചെറിയാനും എൻ.ഡി.എയുടെ കെ. പദ്മകുമാറും തമ്മിലാണ് മത്സരം. രാജു എബ്രഹാം മാറി പുതിയൊരാൾ ഇടത് മുന്നണി സ്ഥാനാർത്ഥിയായതിന്റെ സാദ്ധ്യതകൾ വിലയിരുത്താൻ നേതൃത്വങ്ങൾക്ക് കഴിഞ്ഞിട്ടില്ല.