nk

കൊല്ലം: പ്രധാനമന്ത്രിയുടെ ശരണംവിളി ആത്മാർത്ഥതയില്ലാത്തതും നിരർത്ഥകവുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആചാരവും വിശ്വാസവും സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ യാതൊന്നും ചെയ്തില്ല. സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുമ്പോഴോ വിധി വന്നശേഷമോ നടപടി സ്വീകരിക്കുന്നതിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.

നിയമനിർമ്മാണ അധികാരമുണ്ടായിരുന്നിട്ടും ശബരിമല വിഷയത്തിൽ കേന്ദ്രം മൗനം പാലിക്കുകയായിരുന്നു. ബി.ജെ.പിയും എൽ.ഡി.എഫും ശബരിമല വിഷയത്തെയും വിശ്വാസ ആചാര സംരക്ഷണത്തെയും രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപകരണമാക്കിയപ്പോൾ, വിശ്വാസികൾക്കൊപ്പം നിലനിന്നത് യു.ഡി.എഫാണ്.

സുപ്രീം കോടതിയിൽ ആചാര സംരക്ഷണത്തിന് സത്യവാങ്മൂലം ഫയൽ ചെയ്തതും യു.ഡി.എഫ് സർക്കാരാണ്. തുടർന്ന് അധികാരത്തിൽ വന്ന എൽ.ഡി.എഫ് നയം തിരുത്തി സത്യവാങ്മൂലം നൽകിയതിലൂടെ വിശ്വാസ സമൂഹത്തെ വ്രണപ്പെടുത്തുകയായിരുന്നു. ശരണം വിളിയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമോ ഇല്ലയോ എന്ന് കേന്ദ്ര സർക്കാർ വെളിപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.