കൊല്ലം : ചവറ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിന് തുരത്ത് നിവാസികളുടെ സ്വീകരണം. ശക്തികുളങ്ങര, നീണ്ടകര മേഖലകളിലെ മുഴുവൻ തുരത്തുകളിലും ഷിബു ബേബി ജോൺ നേരിട്ടെത്തി വോട്ടഭ്യർത്ഥന നടത്തി. പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നപ്പോഴേക്കും എൻ.കെ പ്രേമചന്ദ്രൻ എം.പിയും എ.ഐ. സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉമ്മൻ ചാണ്ടിയും വി.എം.സുധീരനും ശശി തരൂരും ഷിബുബേബി ജോണിന് വോട്ട് അഭ്യർത്ഥിച്ച് മണ്ഡലത്തിൽ എത്തി.
യു.ഡി.എസ്.എഫ് വിദ്യാർത്ഥികളും ഷിബുവിന്റെ പ്രചാരണങ്ങളിൽ പങ്കാളികളായി. യു.ഡി.എസ്.എഫിന്റെ നേതൃത്വത്തിൽ നാടൻപാട്ട് അവതരണവും യുവജനസദസുകളും സംഘടിപ്പിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളിലുമായി നൂറ് യുവജന സദസുകൾ സംഘടിപ്പിച്ചു.സമകാലീന രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുക എന്നതാണ് യുവജന സദസുകൊണ്ട് ഉദ്ദേശിച്ചത്. പി.എസ്.സി പ്രശ്‌നം, പിൻവാതിൽ നിയമനം, താത്ക്കാലികക്കാരെ സ്ഥിരപെടുത്തൽ, മാർക്ക് ദാനം, പരീക്ഷാ തട്ടിപ്പ് തുടങ്ങിയ നീറുന്ന യുവജന പ്രശ്‌നങ്ങൾ ചർച്ചയായി.