c

റിട്ടേണിംഗ് ഒാഫീസർക്കും പൊലീസ് കമ്മിഷണർക്കും പരാതി നൽകി

ഇരവിപുരം: ഇരവിപുരം നിയോജക മണ്ഡലത്തിലെ പ്രശ്‌നബാധിത ബൂത്തുകളിൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ടി.സി. വിജയൻ ജില്ലാ കളക്ടർക്കും റിട്ടേണിംഗ് ഒാഫീസർക്കും പൊലീസ് കമ്മിഷണർക്കും പരാതി നൽകി. പ്രശ്‌നബാധിതമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുള്ളത് നാമമാത്രമായ ബൂത്തുകളെ മാത്രമാണ്. കൂടുതൽ പ്രശ്‌നങ്ങളുണ്ടാവാൻ സാദ്ധ്യതയുള്ള ബൂത്തുകളെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയത്. സമാധാനപരമായി തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ അനുവദിക്കാത്ത പോളിംഗ് സ്റ്റേഷനുകളും പ്രദേശങ്ങളും പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത് ഗൗരവകരമാണ്. ഇരവിപുരം നിയോജക മണ്ഡലത്തിലെ 77 ബൂത്തുകളിൽ കേന്ദ്ര സേനയെയോ സംസ്ഥാനത്തിനു പുറത്തുനിന്നുളള സേനാ ഉദ്യോഗസ്ഥരെയോ സുരക്ഷയ്ക്കായി നിയമിക്കണം. ഇരവിപുരം 10, മയ്യനാട് 16, കൊല്ലൂർവിള 10, മുണ്ടയ്ക്കൽ 10, മണക്കാട് 5, വടക്കേവിള 7, പാൽകുളങ്ങര 5, കൊട്ടിയം 8, കിളികൊല്ലൂർ 6 എന്നിങ്ങനെ ബൂത്തുകളിലാണ് സുരക്ഷാ സംവിധാനം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പരാതി നൽകിയത്.