navas
കുന്നത്തൂരിലെ ഇടത് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന് മണ്ഡലത്തിൽ ലഭിച്ച സ്വീകരണത്തിൽ നിന്ന്

ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നു.സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടികൾ കഴിഞ്ഞതോടെ വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് കുഞ്ഞുമോൻ. സ്വീകരണത്തിന്റെ തിരക്ക് ഒഴിഞ്ഞതോടെ മണ്ഡലത്തിലെ വിവിധ കശുഅണ്ടി ഫാക്ടറികൾ സന്ദർശിച്ച് തൊഴിലാളികളുടെ വോട്ട് ഉറപ്പിക്കാനാണ് ഇന്നലെ അദ്ദേഹം ശ്രമിച്ചത്. പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും കുഞ്ഞുമോൻ മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിലും നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഉൾകൊള്ളുന്ന ലഘുലേഖകൾ വീടുകളിലെത്തിച്ച് വോട്ടർമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വോട്ട് ഉറപ്പിക്കുന്നതിന് ബൂത്തുതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളും സ്വീകരണ സ്ഥലങ്ങളിലെ ആൾക്കൂട്ടവും കുഞ്ഞുമോന് അനുകൂലമാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്. സ്വീകരണ സ്ഥലങ്ങളിൽ പ്രായമായവരുടെയും വീട്ടമ്മമാരുടെയും എണ്ണം വർദ്ധിച്ചതും വോട്ടർമാർക്കിടയിൽ കോവൂർ കുഞ്ഞുമോന്റെ സ്വീകാര്യത വർദ്ധിപ്പിച്ചെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ.