കരുനാഗപ്പള്ളി: നൂറ് വർഷത്തിലധികമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ അധീനതയിലുള്ള ഓച്ചിറ ശ്രീനാരായണ ഗുരുക്ഷേത്രം ജപ്തി ചെയ്യാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിൽ കരുനാഗപ്പള്ളി യൂണിയൻ കൗൺസിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. ആയിരക്കണക്കിന് ശ്രീനാരായണീയർ ആരാധന നടത്തുന്ന ഗുരുക്ഷേത്രം കസ്റ്റഡിയിലെടുക്കുമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ശ്രീനാരായണീയരോടുള്ള വെല്ലുവിളിയാണ്
2011ലെ ഇടത് സർക്കാരിന്റെ ഭരണകാലത്ത് മന്ത്രി സി. ദിവാകരന്റെ ശ്രമഫലമായി ഓച്ചിറ ശ്രീനാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന 10 സെന്റ് സ്ഥലം കരുനാഗപ്പള്ളി യൂണിയന് 1,013 രൂപ പാട്ടക്കര വ്യവസ്ഥയിൽ 30 വർഷത്തേക്ക് നൽകിയതാണ്. 2014 ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് റവന്യൂ മന്ത്രി അടൂർ പ്രകാശിന് സ്ഥലം യൂണിയന്റെ പേരിൽ പതിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് പല തവണ നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. 2014 -15, 2015 -16, 2016 -17 വർഷങ്ങളിലെ കുടിശികയായി വന്ന 80,578 രൂപ അടച്ചാൽ ഭൂമി പതിച്ചുതരുമെന്ന് കളക്ടർ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2019 ആഗസ്റ്റ് 2ന് മൂന്ന് വർഷത്തെ പാട്ട കുടിശികയായ 80,578 രൂപ അടയ്ക്കുകയും ചെയ്തു. തുടർന്ന് പതിച്ചുനൽകുന്നതിനുള്ള അപേക്ഷ യൂണിയന്റെ നേതൃത്വത്തിൽ കളക്ടർക്ക് നൽകി. അന്ന് യാതൊരു നടപടിയും കളക്ടർ സ്വീകരിച്ചില്ല.
2020 നവംബർ 20 ന് 7,32,501 രൂപ പാട്ടക്കര കുടിശിക അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകുകയാണ് ചെയ്തത്. വർദ്ധിപ്പിച്ച ഈ തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആർ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികൾ റവന്യൂ മന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്. വർദ്ധിപ്പിച്ച തുക ഒഴിവാക്കുന്നതിനോ, സ്ഥലം പതിച്ചുനൽകുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കാതെ കുടിശിക അടച്ചില്ലെങ്കിൽ സ്ഥലം ജപ്തി ചെയ്യുമെന്നാണ് കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.
ഗുരുക്ഷേത്രത്തോട് ചേർന്ന് ഇതേ സർവേ നമ്പറിലുള്ള ഓച്ചിറ 35 ഏക്കറോളം സ്ഥലത്തിന് 5,310 രൂപ മാത്രമാണ് ഒരുവർഷത്തെ പാട്ടക്കരമായി ഈടാക്കുന്നത്. അതിനാൽ ജപ്തി നടപടി പുനഃപരിശോധിച്ച് നൂറ് വർഷത്തിലധികമായി യൂണിയന്റെ കൈവശത്തിലുള്ള ഗുരുക്ഷേത്രത്തിന്റെ ഭൂമി പതിച്ചുനൽകുന്നതിന് അടിയന്തര നടപടി അധികൃതർ കൈക്കൊള്ളണമെന്ന് യൂണിയൻ പ്രസിഡന്റ് കെ. സുശീലനും സെക്രട്ടറി എ. സോമരാജനും ആവശ്യപ്പെട്ടു.
''
മന്ത്രിയായിരുന്നപ്പോൾ ഗുരുക്ഷേത്ര ഭൂമി പതിച്ചുനൽകുന്നതിന് യാതൊരു നടപടിയും എടുക്കാതിരുന്ന അടൂർ പ്രകാശ് ഇപ്പോൾ ഈ വിഷയത്തിൽ പ്രതിഷേധമായി രംഗത്തെത്തിയത് ഗുരുഭക്തർ തിരിച്ചറിയും.
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ