കൊല്ലം: സഹോദരന്റെ മുന്നിലിട്ട് മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും. പേരയം പടപ്പക്കര കാട്ടുവിള കിഴക്കതിൽ പ്രസാദിനെ (29) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പേരയം പടപ്പക്കര സ്നേഹ ഭവനിൽ ജോൺസണെയും പേരയം പടപ്പക്കര എൻ.എസ് നഗർ അബി നിവാസിൽ ടൈറ്റസിനെയും കൊല്ലം ജില്ലാ കോടതി നാല് ജഡ്ജി അജികുമാറാണ് ജീവപര്യന്തം കഠിനതടവിനും 25,000 - 15,000 രൂപ വിതം പിഴയ്ക്കും ശിക്ഷിച്ചത്.
2010 സെപ്തംബർ 6ന് രാത്രി 11.45 ഓടെ കുണ്ടറ പടപ്പക്കരയിലെ വലിയപള്ളിക്ക് മുന്നിലെ ഉണ്ണിയേശുവിന്റെ കുരിശടിയിൽ വച്ചാണ് പ്രസാദിനെ കൊലപ്പെടുത്തിയത്. ജോയ് എന്നയാളുടെ ഭാര്യയുടെ മരണാനന്തര ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴായിരുന്നു സംഭവം.
സഹോദരൻ സജിയുടെ മുന്നിലിട്ട് ജോൺസണാണ് കുത്തിക്കൊലപ്പെടുത്തിയത്. ടൈറ്റസാണ് കത്തി നൽകിയത്. ജോൺസന്റെ കടയിലെ ഇറച്ചിവെട്ട് തൊഴിലാളിയായിരുന്ന ഏണസ്റ്റ് സുഹൃത്തായ പ്രസാദിന്റെ കടയോട് ചേർന്ന് ഇറച്ചിക്കട തുടങ്ങി. ഇത് ജോൺസന്റെ കടയിൽ കച്ചവടം കുറയുന്നതിന് കാരണമായി. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രസാദിനെ കൊലപ്പെടുത്തിയത്. പ്രസാദിന്റെ പിതാവിന്റെ പത്താം ചരമവാർഷിക ദിനത്തിലാണ് പ്രതികൾ കൊല നടത്തിയത്. പ്രസാദ് കൊല്ലപ്പെട്ട് ഒരു മാസം തികയുന്നതിനകം പി.എസ്.സിയിൽ നിന്ന് ലാസ്റ്റ് ഗ്രേഡ് നിയമന ഉത്തരവ് പ്രസാദിന്റെ വീട്ടിലെത്തിയിരുന്നു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അരമന സി.കെ. സൈജു, അഡ്വ. സോന. പി. രാജ്, മീനു ദാസ് എന്നിവർ കോടതിയിൽ ഹാജരായി. കൊല്ലം ജില്ലാ കോടതിയിൽ നടന്ന വിചാരണയിൽ പ്രോസിക്യൂഷൻ നിരത്തിയ തെളിവുകളും വാദവും പൂർണമായും അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. കുണ്ടറ പൊലീസ് രജിസ്റ്രർ ചെയ്ത കേസിന്റെ അന്വേഷണം പൊലീസ് ഇൻസ്‌പെക്ടർ വി. സുഗതനാണ് നടത്തിയത്.