കൊല്ലം: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് വിന്യാസം വർദ്ധിപ്പിച്ച് സുരക്ഷ ശക്തമാക്കി. ലോക്കൽ പൊലീസിന് പുറമേ ക്രൈം ബ്രാഞ്ച്, വിജിലൻസ്, റയിൽവേ പൊലീസ്, ബറ്റാലിയനുകൾ, ട്രെയിനിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിൽ നിന്നുള്ള സേനയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എട്ടോ പത്തോ സ്ഥലങ്ങളിലുള്ള പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ച് പരമാവധി പതിനഞ്ച് മിനിറ്റിനുള്ളിൽ ചുറ്റിയെത്തുന്ന തരത്തിൽ പൊലീസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. ഓരോ ടീമിലും ഒരു വീഡിയോഗ്രാഫറും ഉണ്ടായിരിക്കും. ഇലക്ഷൻ നടപടികൾ നടക്കുന്ന വോട്ടിംഗ് മെഷീൻ വിതരണ ക്രേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ തുടങ്ങിയവയുടെ സുരക്ഷയും പൊലീസ് ഏറ്റെടുത്തുകഴിഞ്ഞു.
സംസ്ഥാന അതിർത്തികൾക്ക് പുറമെ സിറ്റി, റൂറൽ പൊലീസ് അതിർത്തികളിലും ശക്തമായ നിരീക്ഷണവും പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. നിരോധിത ലഹരി വസ്തുക്കൾ, മദ്യം, പണം, സ്വർണം തുടങ്ങിയ വസ്തുക്കൾ കടത്തുന്നതിനെതിരെ ജാഗ്രത പുലർത്താൻ നിരവധി സ്‌ക്വാഡുകളുടെ പരിശോധനകളും ശക്തമാക്കി. ജില്ലാ, റൂറൽ പൊലീസ് മേധാവികൾ സുരക്ഷാക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
ക്രമീകരണങ്ങൾ നാലുതരം
1. ബൂത്ത് സുരക്ഷ
2. പട്രോളിംഗ് സംഘം
3. ലോ ആൻഡ് ഓർഡർ പട്രോളിംഗ്
4. വിവിധ സ്‌ട്രൈക്കിംഗ് സേനകൾ
സുരക്ഷാസംഘത്തിൽ
ഡിവൈ.എസ്.പിമാർ - 25
ഇൻസ്‌പെക്ടർമാർ - 50
സബ് ഇൻസ്‌പെക്ടർമാർ - 300
സിവിൽ പൊലീസ് - 3,000
കേന്ദ്രസേനാംഗങ്ങൾ - 500
സ്പെഷ്യൽ പൊലീസ് - 1,700
സ്‌ട്രൈക്കിംഗ് സേനകൾ രംഗത്ത്
ജില്ലാ പൊലീസ് മേധാവി, സിറ്റി, റൂറൽ സബ് ഡിവിഷൻ സ്‌ട്രൈക്കിംഗ് സേനയെ കൂടാതെ സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ജനറൽ, സോണൽ ഇൻസ്‌പെക്ടർ ജനറൽ, റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എന്നിവരുടെ നിയന്ത്രണത്തിലുള്ള സ്‌ട്രൈക്കിംഗ് സേനകളും വിവിധ ദ്രുതകർമ്മസേനകളും സുരക്ഷയ്ക്കായി ജില്ലയിലുണ്ടാകും.