jyothi
യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല വിളക്കുടി പഞ്ചായത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നു

പത്തനാപുരം : അവസാന സ്വീകരണ പര്യടനവും പൂർത്തിയാക്കി പത്തനാപുരം യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല. രാവിലെ വെള്ളംതെറ്റി മേഖലയിലെ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ച ചാമക്കാല, ഉച്ചയോടെ ചെങ്ങമനാട് കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികളുമായി സംവദിക്കുകയും തുടർന്ന് വിളക്കുടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ച സ്വീകരണങ്ങളും ഏറ്റ് വാങ്ങി തന്റെ അവസാന റൗണ്ട് പര്യടനം പൂർത്തിയാക്കി.

പത്തനാപുരത്തെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഏപ്രിൽ ആറാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും ചാമക്കാല സ്വീകരണ പര്യടനത്തിൽ പറഞ്ഞു.

കോട്ടവട്ടം ജംഗ്ഷനിൽ നിന്ന് തുടങ്ങിയ സ്വീകരണ പര്യടനം കുറ്റിക്കോണം,തേക്കുംമുകൾ,ബംഗ്ലാവിൽ ജംഗ്ഷൻ,കിണറ്റിൻകര,കുളപ്പുറം,നാല് സെന്റ് കോളനി,വരിക്കോളിൽ,ആവണീശ്വരം റെയിൽവേ സ്റ്റേഷൻ,കല്ലൂർകോണം,പുളിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി കൂരംകോട് ജംഗ്ഷനിൽ ആഘോഷത്തോടെ സമാപിച്ചു. ചാമക്കാലയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് കോൺഗ്രസ് വനിതാ പ്രവർത്തകരും വീടുകളിൽ വോട്ട് തേടി.

കെ.പി .സി .സി നിർവാഹക സമിതി അംഗം സി .ആർ. നജീബാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. യു.ഡി.എഫ് ചെയർമാൻ രാധാമോഹനൻ, ഡി. സി. സി സെക്രട്ടറിമാരായ ബാബു മാത്യു, ഷെയ്ഖ് പരീദ്, രാധാ മോഹൻ ,പഞ്ചായത്ത് മെമ്പർ അജയ് കുമാർ, മണ്ഡലം പ്രസിഡന്റ് സലിം, ഷാജഹാൻ, ചേത്തടി ശശി തുടങ്ങിയവർ ചാമക്കാലയെ അനുഗമിച്ചു.