ഓയൂർ: വ്യാജ ചാരായവുമായി പൊലീസ് പിടിയിലായ യുവാവ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.കൂടെയുണ്ടായിരുന്ന പൊലീസുകാർ ഉടൻ കിണറ്റിലിറങ്ങി ഇയാളെ രക്ഷപ്പെടുത്തി.അമ്പലംകുന്ന്, ഉഷാ മന്ദിരത്തിൽ സുനിൽ കുമാർ (40) ആണ് കിണറ്റിൽ ചാടിയത്. ഇയാളെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനിടെ കിണറിന്റെ പാലമായി ഉപയോഗിച്ചിരുന്ന പഴയ ടെലഫോൺ പോസ്റ്റിനുള്ളിലെ പൊള്ളയായ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ലിറ്റർ ചാരായം കൂടി പൊലീസ് കണ്ടെടുത്തു. വെള്ളിരാത്രി 11 മണിയോടെയായിരുന്നു സംഭവം. പൂയപ്പള്ളി എസ്.ഐ.ഗോപീചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി 10 മണിയോടെ പട്രോളിംഗ്‌ നടത്തുന്നതിനിടെ രണ്ട് പേരെ പുഞ്ചിരിമുക്കിൽ മദ്യലഹരിയിൽ കണ്ടെത്തി ഇരുവരെയും ചോദ്യം ചെയ്തപ്പോൾ സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് വാങ്ങിയ നാടൻ ചാരായമാണ് കഴിച്ചതെന്നും സുനിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നതായും വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സംഘം രാത്രി 11 മണിയോടെ സുനിലിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 200 മില്ലി നാടൻ ചാരായം കണ്ടെടുത്തു. സുനിലിനെ ചോദ്യം ചെയ്തപ്പോൾ ചാരായം വാറ്റാനായി കോട (വാഷ് ) തയ്യാറാക്കിയിട്ടുണ്ടെന്നും കാട്ടി തരാമെന്നും പറഞ്ഞ് പൊലീസുകാർക്കൊപ്പം പുറത്തിറങ്ങിയ സുനിൽകുമാർ പൊലീസിന്റെ കണ്ണ് വെട്ടിച്ച് മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു.സംഭവത്തിൽ പകച്ചുപോയ പൊലീസ് സംഘത്തിലെ എ.എസ്.ഐമാരായ ഹരിയും രാജേഷും ഉടൻ കിണറ്റിലിറങ്ങുകയും സുനിലിനെ വെള്ളത്തിൽ നിന്ന് പൊക്കി കയറിൽ കെട്ടി ഉയർത്തി നിറുത്തിയ ശേഷം അഗ്നിശമന സേനാവിഭാഗത്തെ വിവരമറിയിച്ചു. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ ആർ.സജീവന്റെ നേതൃത്വലുള്ള ഫയർഫോഴ്സ് സംഘം ഇയാളെ വല ഉപയോഗിച്ച് കരയ്ക്കെടുക്കുകയായിരുന്നു.പരിക്കേറ്റ സുനിൽകുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രാഥമിമ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.