flash

കൊല്ലം: പരമാവധി ആളുകളെ വോട്ട് ചെയ്യിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ്പ് വിളംബര ജാഥയും ഫ്‌ളാഷ് മോബും നടത്തി. പെരുമൺ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് 'എന്റെ വോട്ട് എന്റെ അഭിമാനം' എന്ന സന്ദേശവുമായി ഫ്‌ളാഷ് മോബിൽ അണിനിരന്നത്.

കളക്‌ടറേറ്റ് വളപ്പിൽ ആരംഭിച്ച ഘോഷയാത്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ സി.എസ്. അനിൽ ഫ്‌ളാഗ് ഒഫ് ചെയ്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എൻ.എസ്.എസ് വോളണ്ടിയർമാർ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ വോട്ട് ചെയ്യണം എന്ന സന്ദേശമുയർത്തി കലാജാഥയെ വർണാഭമാക്കി. സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം വിളംബരം ചെയ്ത് വോട്ട് വണ്ടിയും അണി ചേർന്നു. ഫ്‌ളാഷ് മോബ് ചിന്നക്കടയിൽ സമാപിച്ചു.
ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേർ സൗമ്യ ഗോപാലകൃഷ്ണൻ, അസി. കോഓർഡിനേറ്റർ ജെ.രതീഷ് കുമാർ, ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ എസ്. ഐസക്, പ്രോഗ്രാം ഓഫീസർ എ. ഷാനവാസ്, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ ബോർഡ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.