പുനലൂർ: പുനലൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാലിന് വോട്ട് അഭ്യർത്ഥിക്കാൻ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യ കുമാർ എത്തി. പുനലൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗം കനയ്യകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ രാജ്യത്തെ കോർപ്പറേറ്റുകളെ സഹായിക്കാൻ ശ്രമിക്കുമ്പോൾ കേരളം പൊതുമേഖല സ്ഥാപനങ്ങൾക്ക് പുറമെ സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് വേണ്ടി ആരോഗ്യ, വിദ്യാഭ്യസ, ഗതാഗത മേഖലകളിൽ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനാണ് ശ്രമിക്കുന്നത്.കേരളത്തിൽ ഗുജറാത്ത് മോഡൽ വികസനം വേണമെന്ന് ബി.ജെ.പി പറയുമ്പോൾ അവിടെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ചുള്ള പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്.ഗുജറാത്ത് മോഡൽ ഭരണത്തെ ജനങ്ങൾ ഭയത്തോടെയാണ്കാണുന്നത്. എന്നാൽ എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണുന്ന സംസ്ഥാനമാണ് കേരളം. ഇതാണ് കേരളത്തിൽ തുടർ ഭരണം വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നത് കനയ്യകുമാർ പറഞ്ഞു. ഇടത് മുന്നണി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.ബാബു പണിക്കർ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം അജയ് അവള മുഖ്യപ്രഭാഷം നടത്തി.മന്ത്രി കെ.രാജു, ഇടത് മുന്നണി നേതാക്കളായ എം.സലീം, എസ്.ബിജു, സി.അജയപ്രസാദ്,ലിജു ജമാൽ, എം.എ.രാജഗോപാൽ, കെ.രാധാകൃഷ്ണൻ, കെ.രാജശേഖരൻ,ജോബോയ് പേരേര തുടങ്ങിയവർ സംസാരിച്ചു.