ശാസ്താംകോട്ട: മരം മുറിക്കുന്നതിനിടെ മെഷീൻവാൾ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി തൊഴിലാളി മരിച്ചു. ശാസ്താംകോട്ട മുതുപിലാക്കാട് തുള്ളക്കളത്തിൽ തെക്കതിൽ കൃഷ്ണൻകുട്ടിയാണ് (കണ്ണൻ- 48) മരിച്ചത്.
ആഞ്ഞിലിമൂട് ശാസ്താംകോട്ട പ്രധാന പാതയോരത്തെ ഒരു വീട്ടിൽ മരം മുറിക്കുന്നതിനിടെയാണ് ദുരന്തം. മരത്തിന്റെ പ്രധാന ചില്ല മുറിക്കുന്നതിനിടെ മെഷീൻ കൈവഴുതിപ്പോയി. ഇത് ബന്ധിച്ചിരുന്ന കയർ കൃഷ്ണൻകുട്ടിയുടെ കഴുത്തിൽ മുറുകിയതിനൊപ്പം തടി തട്ടിയെന്നും സംശയമുണ്ട്. ചില്ലകൾക്കിടയിൽ കുടുങ്ങി അനക്കമറ്റ നിലയിലാണ് ഫയർഫോഴ്സ് സംഘം ഒരുമണിക്കൂറിലേറെ ശ്രമിച്ച് കൃഷ്ണൻകുട്ടിയെ താഴെയിറക്കിയത്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. അടൂർ സ്വദേശിയായ കൃഷ്ണൻകുട്ടി അടുത്തകാലത്താണ് ശാസ്താംകോട്ടയിൽ താമസമാക്കിയത്. ഭാര്യ: ബിന്ദു. മക്കൾ: ബീന, ലക്ഷ്മി. മരുമകൻ: ഷിജിത്ത്.