പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം ഇന്ന് മുതൽ ഹൈടെക് മാതൃകയിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയത്തിൽ ആരംഭിക്കും. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന മൂന്ന് വാർഡുകളായിരിക്കും മാറ്റി സ്ഥാപിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ അറിയിച്ചു.തുടർന്ന് ഘട്ടംഘട്ടമായി ഓരോ വാർഡുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കും. വൈകിട്ട് 3.30ന് ആശുപത്രി ജീവനക്കാർ സംഘടിപ്പിച്ചിരിക്കുന്ന പാല് കാച്ച് ചടങ്ങിൽ മന്ത്രി കെ.രാജു പങ്കെടുക്കും.ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് മന്ത്രി കെ.കെ.ശൈലജയാണ് ആശുപത്രി കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ചത്.കിഫ്‌ബിയിൽ നിന്ന് അനുവദിച്ച 68കോടി രൂപയ്ക്ക് പുറമെ ജനപ്രതിനിധികളുടെ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉൾപ്പടെ 92കോടി രൂപ ചെലവഴിച്ചാണ് കൂറ്റൻ കെട്ടിട സമുച്ചയത്തിന്റെ പണി പൂർ‌ത്തിയാക്കി നാടിന് സമർപ്പിച്ചത്.ഒരു കാർഡിയോളജിസ്റ്റും ഒരു ന്യൂറോളജിസ്റ്റും ഉൾപ്പടെ 17ജീവനക്കാരെയും താലൂക്ക് ആശുപത്രിയിലേക്ക് നിയമിച്ച് സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നാടിന് സമർപ്പിച്ച ഹൈടെക് കെട്ടിട സമുച്ചയത്തിൽ 300 ഓളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനം നിലവിൽ വന്നതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ.