c
കശുഅണ്ടി തൊഴിലാളികളോട് വോട്ടഭ്യർത്ഥിക്കുന്ന ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ

കൊല്ലം: ചാത്തന്നൂർ, കല്ലുവാതുക്കൽ മേഖലകളിലെ കശുഅണ്ടി തൊഴിലാളികളുടെ സ്നേഹം ഏറ്റുവാങ്ങി ചാത്തന്നൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ. പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കേ ഓരോ വോട്ടും ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ് ഗോപകുമാർ. ആദ്യഘട്ടത്തിൽ നിന്ന് വിഭിന്നമായി ജയസാദ്ധ്യത വർദ്ധിപ്പിക്കുന്ന തരത്തിലാണ് തൊഴിലാളികളും വോട്ടർമാരും ഗോപകുമാറിന് നൽകുന്ന സ്വീകരണം.

വോട്ടർമാരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് തന്നാലാകുന്ന കാര്യങ്ങൾ ചെയ്തുനൽകാമെന്നും വിജയിച്ചാൽ ഉന്നയിച്ച കാര്യങ്ങളിലെല്ലാം പരിഹാരം കാണാമെന്നും ഉറപ്പ് നൽകിയാണ് ബി.ബി. ഗോപകുമാർ പര്യടനം തുടരുന്നത്.

ഇന്നലെ നടന്ന സ്വീകരണ പരിപാടികളിൽ കൂടുതലും കശുഅണ്ടി ഒാഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു. തൊഴിലാളികളിൽ അധികവും തൊഴിൽലഭ്യതക്കുറവാണ് ചൂണ്ടിക്കാട്ടിയത്. എല്ലാത്തിനും പരിഹാരമുണ്ടാക്കാനുള്ള ശ്രമം തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് ഗോപകുമാർ മടങ്ങിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ വോട്ടുനില ഉയർത്തി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കല്ലുവാതുക്കൽ, ചാത്തന്നൂർ പഞ്ചായത്തുകളിൽ ബി.ജെ.പി നിർണായക ശക്തിയാവുകയും ചെയ്തു.