photo
എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രൻ വിവാഹം നടക്കുന്ന ആഡിറ്റോറിയത്തിൽ എത്തി വോട്ട് അഭ്യർത്ഥിക്കുന്നു.

കരുനാഗപ്പള്ളി: കൊട്ടിക്കലാശമില്ലാതെ തിരശീല വീണ പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിൽ ആവേശം അലതല്ലിയ റോഡ് ഷോകളുമായി മുന്നണികളും പ്രവർത്തകരും. ഇന്നലെ സ്ഥാനാർത്ഥികൾ പള്ളികളിലും വിവാഹ സ്ഥലങ്ങളിലും മരണ വീടുകളിലും സന്ദർശനം നടത്തി. കലാശക്കൊട്ട് നിരോധിച്ചതോടെ മൂന്ന് മുന്നണികളും പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓട്ടിച്ച് രംഗം കൊഴുപ്പിച്ചു. പുലർച്ചെ തന്നെ സ്ഥാനാർത്ഥികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലെത്തി. ഇവിടെ നിന്നുമാണ് വിവിധ മേഖലകളിൽ പോയി വോട്ടർമാരെ കണ്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രനും യു.ഡി.എഫിന്റെ സി.ആർ. മഹേഷും എൻ.ഡി.എ രംഗത്തിറക്കിയ അഡ്വ. ബിറ്റി സുധീറും പ്രചാരണത്തിൽ സജീവമാണ്.

ഈസ്റ്റർ പ്രമാണിച്ച് ഇന്നലെ ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. ഇലക്ഷൻ കമ്മിഷൻ സ്ലിപ്പുകൾ എല്ലാ വോട്ടർമാർക്കും നൽകിയിട്ടുണ്ടെങ്കിലും മുന്നണി പ്രവർത്തകർ ചിഹ്നം പതിച്ച സ്ലിപ്പുകൾ നൽകി വോട്ടുറപ്പിക്കുന്ന തിരക്കിലാണ്. ഇന്നലെ ഓരോ ബൂത്തിലും ബ്ലോക്കുകൾ തിരിഞ്ഞ് മുന്നണി പ്രവർത്തകർ വോട്ടർമാരെ കണ്ടു.