babudivakaran

'' നമ്മുടെ തീരപ്രദേശത്തെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നോ എന്തോ?. ജീവൻ പണയം വച്ച് ജോലി ചെയ്തിട്ടും കൂലി കിട്ടാത്തവർ. കാലിവള്ളവുമായാണ് അവർ പല ദിവസങ്ങളിലും കടലിൽ നിന്ന് മടങ്ങിയെത്തുന്നത്. അവിടുത്തെ സ്ത്രീകൾക്കും തൊഴിലൊന്നുമില്ല.'' ഇരവിപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബുദിവാകരന്റെ വാക്കുകളാണിത്. പിന്നെ വോട്ട് തേടി ചെന്നപ്പോൾ കണ്ടുമുട്ടിയ അമ്മിണിഅമ്മയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. '' അമ്മണിഅമ്മ കശുഅണ്ടി തൊഴിലാളിയാണ്. അമ്മിണിഅമ്മ ജോലി ചെയ്യുന്ന ഫാക്ടറി മാസങ്ങളായി അടഞ്ഞുകിടക്കുന്നു. മാറിയുടുക്കാൻ തുണി വാങ്ങാൻ പണമില്ല. അമ്മിണിഅമ്മയ്ക്ക് ഇല്ലാത്ത രോഗങ്ങളില്ല. തൊഴിൽ ദിനം തികയാത്തതിനാൽ ഇ.എസ്.ഐ ആശുപത്രിയിൽ നിന്ന് ചികിത്സ കിട്ടുന്നില്ല. ഏറെ പരിതാപകരമാണ് അവരുടെ അവസ്ഥ. ഇതുപോലെ എത്രയോ പേർ.''

ഇങ്ങനെ പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ദൈന്യത നിഴലിക്കുന്നുണ്ട്. വോട്ട് ചോദിച്ച് ചെന്നപ്പോൾ കണ്ട ദയനീയമായ കാഴ്ചകൾ ബാബുദിവാകരന്റെ മനസിൽ മായാതെ നിൽക്കുന്നു. അദ്ദേഹത്തിന്റെ മനസിന്റെ ഈ അവസ്ഥയെ മനുഷ്യസ്നേഹമെന്നോ സഹജീവി സ്നേഹമെന്നോ വിളിക്കാം. കേരളം കണ്ട ഏറ്റവും കരുത്തനായ തൊഴിലാളി നേതാവ് ടി.കെ. ദിവാകരന്റെ മകന് ഇങ്ങനെ ആകാതിരിക്കാനാകുമോ. അഭിനയങ്ങളില്ലാതെ, അമിത ആത്മവിശ്വാസമില്ലാതെ, അധിക ആവേശമില്ലാതെ വോട്ട് തേടുകയാണ് ബാബുദിവാകരൻ.

അദ്ദേഹം വോട്ട് തേടി ചെല്ലുമ്പോൾ ഇരവിപുരത്തെ ചില വീടുകളുടെ ഭിത്തിയിൽ ഒരാളുടെ ചിത്രം മാലചാർത്തി ചില്ലിട്ട് വച്ചിട്ടുണ്ട്. മുതലാളിമാരോടും അധികാരികളോടും മല്ലിട്ട് തങ്ങളുടെ ജീവിത ദുരിതങ്ങൾക്ക് പരിഹാരം കണ്ട നേതാവിന്റെ ചിത്രം അവർ ദൈവത്തെപ്പോലെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. വോട്ട് തേടിയെത്തുന്ന സ്ഥാനാർത്ഥിക്ക് ചിത്രത്തിലെ നേതാവിന്റെ അതേരൂപം. 'ഞങ്ങളുടെ ദിവാകരൻ സഖാവിന്റെ മകൻ, ഞങ്ങളുടെ ദിവാകരൻ അണ്ണന്റെ മകൻ'. ഇങ്ങനെ പറഞ്ഞ് ഒരായിരം രണസ്മരണകളോടെയാണ് ഇരവിപുരത്തെ വോട്ടർമാർ ബാബുദിവാകരനെ സ്വീകരിക്കുന്നത്. എന്നാൽ അച്ഛന്റെ തണലിൽ വളർന്ന രാഷ്ട്രീയക്കാരനല്ല ബാബുദിവാകരൻ. ടി.കെ മരിക്കുമ്പോൾ ബാബുദിവാകരൻ വിദ്യാർത്ഥിയാണ്. പിന്നെ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ലഭിച്ചു. ഈ ജോലി രാജിവച്ചാണ് ബാബു ദിവാകരൻ ആർ.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റും തുടർന്ന് അഖിലേന്ത്യ അദ്ധ്യക്ഷനുമായത്.

1982 ലെ തിരഞ്ഞെടുപ്പ് കാലം ടി.കെയുടെ മകൻ ബാബുദിവാകരനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തി. മറുവിഭാഗം കടവൂർ ശിവദാസനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. പിതൃതുല്യനായി കാണുന്ന കടവൂ‌ർ ശിവദാസനുമായി സീറ്റിന് വേണ്ടി പിടിവലി. അത് ബാബുദിവാകരന് സങ്കല്പിക്കാൻ പോലും ആകുമായിരുന്നില്ല. പാർട്ടി കമ്മിറ്റിയിൽ കടവൂർ ശിവദാസൻ തന്നെ സ്ഥാനാർത്ഥിയാകട്ടെയെന്ന് ബാബുദിവാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു നിഴൽ പോലെ നിന്ന് കടവൂരിനെ വിജയിപ്പിച്ചു. പിന്നെ 1987, 96 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കൊല്ലത്ത് നിന്ന് നിയമസഭാംഗമായി. 2001ൽ വീണ്ടും വിജയിച്ച് മന്ത്രിയായി. ബാബുദിവാകരൻ തൊഴിൽ മന്ത്രിയായിരിക്കുമ്പോഴാണ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കേരളത്തിന്റെ എല്ലാഭാഗത്തേക്കും വ്യാപിപ്പിച്ചത്. വൻകിട ചെറുകിട ഷോപ്പുകളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കായി ക്ഷേമനിധി രൂപീകരിച്ച് അവരുടെ ജീവിത നിലവാരം ഉയർത്തി. പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ഇപ്പോഴും ലഭിക്കുന്നുണ്ട്. കൊല്ലം പോർട്ടിന്റെ നവീകരണത്തിന് തുടക്കമിട്ടത് ബാബുദിവാകരനായിരുന്നു. കൊല്ലം ബൈപ്പാസ് നിർമ്മാണത്തിന്റെ ഭൂമി ഏറ്റെടുക്കലിലും നിർണായ ഇടപെടൽ നടത്തി. ആശ്രാമം ഇ.എസ്.ഐ ആശുപത്രി ഇ.എസ്.ഐ കോർപ്പറേഷന് കൈമാറി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിച്ചു. എം.എൽ.എയും മന്ത്രിയും ആയിരിക്കുമ്പോൾ അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകൾ ഇങ്ങനെ പറഞ്ഞാൽ തീരില്ല.

 അല്പം വർത്തമാനം

ഇരവിപുരത്തെ അന്തരീക്ഷം എങ്ങനെയുണ്ട്?

വിജയിക്കുമെന്ന് വീരവാദം മുഴക്കുന്നില്ല. അത് ജനങ്ങളുടെ രാജാധികാരത്തിലുള്ള കടന്നുകയറ്റമാണ്. ശക്തമായ മത്സരം നടക്കുന്നു. കഴിഞ്ഞ നാല് ആഴ്ചയായി വളരെകുറച്ച് നേരമേ ഉറങ്ങിയിട്ടുള്ളു. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള ശ്രമമാണ്. നിലവിലെ രാഷട്രീയ അന്തരീക്ഷം യു.ഡി.എഫിന് അനുകൂലമാണ്. അത് വോട്ടർമാരുടെ പ്രതികരണങ്ങളിൽ വ്യക്തമാണ്.

എന്തൊക്കെയാണ് പ്രചരണ വിഷയങ്ങൾ?

അഴിമതി തന്നെയാണ് പ്രധാന പ്രചാരണ വിഷയം. സ്വർണക്കടത്ത്, ഡോളർക്കടത്ത്, സ്പീക്കറുടെ വിദേശയാത്രകൾ ഏറ്റവുമൊടുവിൽ ആഴക്കടൽ വിറ്റുതുലയ്ക്കുന്ന കരാർ. ഇതൊക്കെ ജനങ്ങൾ തന്നെ പറയുന്നു. കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. കഴിഞ്ഞ നാല് മാസത്തിനിടയിൽ അഞ്ചോ ആറോ ദിവസം മാത്രമാണ് പൊതുമേഖലാ കശുഅണ്ടി ഫാക്ടറികളിൽ പോലും തൊഴിൽ ലഭിച്ചത്. ഭൂരിഭാഗം സ്വകാര്യ കശുഅണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുന്നു. ഇതിനെതിരെ ജനം പ്രതികരിക്കുമെന്ന് ഉറപ്പാണ്.

അനുകൂല ഘടകങ്ങൾ എന്തൊക്കെയാണ് ?

ഞാൻ നേരത്തെ കൊല്ലത്തിന്റെ എം.എൽ.എയായിരുന്നു. അന്ന് കൊല്ലം മണ്ഡലത്തിന്റെ ഭാഗമായിരുന്ന മുണ്ടയ്ക്കൽ, പട്ടത്താനം പ്രദേശങ്ങൾ ഇപ്പോൾ ഇരവിപുരത്താണ്. അവിടുത്തെ ജനങ്ങളുമായി അന്നുമുതൽ ആഴത്തിലുള്ള വ്യക്തിബന്ധമുണ്ട്. വടക്കേവിള ഭാഗത്ത് ഏറെ ബന്ധുക്കളുണ്ട്. അച്ഛന്റെ ബന്ധുക്കളെല്ലാം ഈ ഭാഗത്താണ് താമസിക്കുന്നത്. മയ്യനാട് സി.കേശവന്റേത് അടക്കം അനേകം കുടുംബങ്ങളുമായി നല്ല വ്യക്തിബന്ധമുണ്ട്. ഇരവിപുരം മേഖലയിൽ ഏറെയും പരമ്പരാഗത തൊഴിലാളികളാണ്. അവരുമായി ട്രേഡ് യൂണിയൻ നേതാവ് എന്ന ബന്ധമുണ്ട്. അച്ഛനെ പിതൃതുല്യരായി കാണുന്ന ഒരുപാട് ജനങ്ങൾ ഇവിടെയുണ്ട്.

യു.ഡി.എഫ് ഒറ്റക്കെട്ടാണോ?

തീർച്ചയായും. ആർ.എസ്.പി പ്രവർത്തകരെപ്പോലെ കോൺഗ്രസ്, ലീഗ് പ്രവർത്തകർ ഏറെ ആവേശത്തോടെയാണ് പ്രവർത്തിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെത്തി റോഡ് ഷോ നടത്തിയിരുന്നു. ഇന്നലെ മണ്ഡലത്തിലെ എല്ലാ വീടുകളിലും യു.ഡി.എഫ് പ്രവർത്തകരെത്തി. കഴിഞ്ഞ ദിവസങ്ങളിലും അങ്ങനെയായിരുന്നു. യു.ഡി.എഫ് ഇത്രത്തോളം കൂട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടമുണ്ടാകില്ല. അതിന് പുറമേ മറ്റ് മുന്നണികളിൽ പ്രവർത്തിച്ചിരുന്ന നിരവധി പേർ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്.

 ബാബുദിവാകരന്റെ സ്വപ്നങ്ങൾ

1. തീരത്തിന്റെ കണ്ണീരൊപ്പാൻ പുലിമുട്ടുകളുടെ നീളം വർദ്ധിപ്പിക്കൽ

2. ഇപ്പോഴത്തെ തീരദേശ ഹൈവേയിൽ നിന്ന് വ്യത്യസ്തമായി കടലാക്രമണത്തെ കൂടി പ്രതിരോധിക്കുന്ന തരത്തിൽ കഴക്കൂട്ടം മുതൽ എറണാകുളം വരെ തീരദേശ റോഡ്

3. കേന്ദ്രീകൃത ഡ്രെയിനേജ് സംവിധാനം സഹിതം സുനാമി ഫ്ലാറ്റുകളുടെ സമ്പൂർണ നവീകരണം

4. തീരദേശത്തെ സ്ത്രീകൾക്കായി തൊഴിൽ യൂണിറ്റുകൾ

5. 500 പേർക്കെങ്കിലും തൊഴിൽ നൽകാൻ കഴിയുന്ന തരത്തിൽ മീറ്റർ കമ്പിനിയിൽ ഇൻഡസ്ട്രിയൽ പാർക്ക്

6. കോവളം മുതൽ അഷ്ടമുടി കായൽ വരെ നീളുന്ന ടൂറിസം സർക്യൂട്ട്

7. തോട്ടണ്ടി ലഭ്യമാക്കി സ്വകാര്യ, പൊതുമേഖലാ കശുഅണ്ടി ഫാക്ടറികളിൽ സ്ഥിരം തൊഴിൽ

8. എല്ലാ ഭവനരഹിതർക്കും വീട്

9. പുതിയ തൊഴിൽ യൂണിറ്റുകൾ