photo

കൊല്ലം: ആശുപത്രി കിടക്കയിൽ നിന്ന് ജീവിതത്തിലേയ്ക്ക് തിരികെ നടന്ന ആർ. ബാലകൃഷ്ണപിള്ളയ്ക്ക് എൺപത്തേഴാം പിറന്നാൾ മധുരം. മീനത്തിലെ പൂരാടം നക്ഷത്രക്കാരന് ആശംസകൾ നേരാൻ ഇന്നലെ രാവിലെ മുതൽ മന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും ഫോൺ കോളുകളിൽ നിറഞ്ഞു.

മക്കളായ ഉഷ മോഹൻദാസും ബിന്ദു ബാലകൃഷ്ണനും കെ.ബി. ഗണേശ് കുമാറും മരുമക്കളായ കെ.മോഹൻദാസും ടി. ബാലകൃഷ്ണനും ബിന്ദുവും കൊച്ചുമക്കളും പാർട്ടി പ്രവർത്തകരുമടങ്ങുന്ന ചെറിയ സദസിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം. തുടർന്ന് പിള്ളയും ബന്ധുക്കളും കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ. ഷാജുവും മനോജ് പൊന്നച്ചനുമടക്കമുള്ളവർ ഒന്നിച്ചിരുന്ന് വിഭവ സമൃദ്ധമായ സദ്യയുണ്ടു.

പിള്ളയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാലട പ്രഥമനുൾപ്പെടെ മൂന്നുകൂട്ടം പായസവും ഒരുക്കിയിരുന്നു. രാവിലെ ഇടത് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലെത്തി പിറന്നാൾ ആശംസകൾ നേർന്നു. ബാലഗോപാലിന് വിജയാശംസകൾ നേർന്ന പിള്ള മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ രാഷ്ട്രീയം പറയാനും തയ്യാറായി. നിയമസഭാ തിരഞ്ഞെടുപ്പെത്തിയപ്പോൾ പിള്ള തീർത്തും അവശതയിലായിരുന്നു. അത്യാസന്ന നിലയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷം വീട്ടിലെത്തിയെങ്കിലും പുറത്തേക്കിറങ്ങാറില്ല.

ഇക്കുറി നേരത്തെ വോട്ട് ചെയ്യാനായതിന്റെ സന്തോഷത്തിലാണെങ്കിലും പൊതുവേദിയിൽ പ്രസംഗിക്കാനാകാത്തതിന്റെ നിരാശ വാക്കുകളിലുണ്ട്.