v

കൊല്ലം: വീട്ടിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ വിദേശമദ്യം പിടികൂടി. നീണ്ടകര മുറിയിൽ ടാഗോർ ജംഗ്ഷനടുത്ത് മേരിലാൻഡ് കുരിശടിക്ക് തെക്കുവശമുള്ള സെന്റ് ആന്റണി ഹൗസിൽ ജോഷി പോൾ താമസിക്കുന്ന താത്കാലിക ഷെഡിൽ നിന്നാണ് വിദേശമദ്യം പിടികൂടിയത്. അബ്കാരി ആക്‌ടനുസരിച്ച് ബോംബെ എന്നു വിളിക്കുന്ന ജോഷി പോളിനെ പ്രതി ചേർത്ത് കേസെടുത്തു. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് വിദേശമദ്യം പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ ബാബു, കിഷോർ, ഡ്രൈവർ ശിവൻകുട്ടി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.