flags

കൊല്ലം: ജില്ലയിൽ ആധിപത്യമുറപ്പിച്ച് നേടിയ മുഴുവൻ സീറ്റുകളിൽ ഒന്നുപോലും കൈവിടാതെ കാക്കാൻ ചടുലമായ കരുക്കൾ നീക്കുകയാണ് എൽ.ഡി.എഫ്. കുറഞ്ഞത് എട്ട് സീറ്റെങ്കിലും പിടിച്ചെടുക്കണമെന്ന വാശിയോടെയാണ് യു.ഡി.എഫ് പൊരുതുന്നത്.

പതിനൊന്ന് മണ്ഡലങ്ങളിലും പ്രവർത്തനം ഊർജ്ജിതമാക്കിയ എൽ.ഡി.എഫ് കരുനാഗപ്പള്ളി, കൊല്ലം, ഇരവിപുരം, കുണ്ടറ, കൊട്ടാരക്കര, ചടയമംഗലം, പുനലൂർ, ചാത്തന്നൂർ, കുന്നത്തൂർ മണ്ഡലങ്ങളിൽ ഉറച്ച പ്രതീക്ഷയിലാണ്. പഴുതടച്ച പ്രവർത്തനങ്ങൾക്ക് പുറമെ തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായി കുടുംബയോഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവ‌ർ. ഇതിനോടകം നൂറിലേറെ കുടുംബയോഗങ്ങളാണ് ജില്ലയിലാകമാനം നടന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മാത്രം മുപ്പത് കുടുംബയോഗങ്ങൾ നടന്നു.

എട്ട് സീറ്റുകൾ ഉറപ്പായും നേടിയിരിക്കണമെന്നാണ് യു.ഡി.എഫ് സംസ്ഥാന നേതൃത്വം ജില്ലാ നേതാക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ, കൊല്ലം, ഇരവിപുരം, ചടയമംഗലം, പത്തനാപുരം, കുണ്ടറ മണ്ഡലങ്ങളിലാണ് യു.ഡി.എഫിന് വലിയ പ്രതീക്ഷയുള്ളത്. കുടുംബയോഗങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും മണ്ഡലങ്ങൾ പിടിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി വ്യക്തിഗത വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കുന്നതിനായി സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘത്തെ പഞ്ചായത്ത് തലങ്ങളിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എൻ.ഡി.എ ശക്തമായ പ്രചാരണം കേന്ദ്രീകരിച്ചിട്ടുള്ളത് ചാത്തന്നൂരിലാണ്. ചാത്തന്നൂരിൽ ഇത്തവണ വിജയമുറപ്പിക്കുമെന്ന വാശിയോടെയാണ് അവരുടെ പ്രവർത്തനങ്ങൾ. ബി.ജെ.പിയുടെ വിജയം തടയാൻ മറ്റ് മുന്നണികൾ തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം പ്രചാരണത്തിലുടനീളം പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. മറ്റ് മണ്ഡലങ്ങളിൽ നിന്ന് പ്രഗത്ഭരായ പ്രവർത്തകരെ ചാത്തന്നൂർ പിടിച്ചെടുക്കാൻ രംഗത്തിറക്കിയിട്ടുമുണ്ട്.