c
കരുനാഗപ്പള്ളിയിലെ എൽ.‌ഡ‌ി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രന് തൊടിയൂരിൽ നൽകിയ സ്വീകരണം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും ആധിപത്യമുറപ്പിക്കാൻ കരുത്തുറ്റ പ്രചാരണമാണ് എൽ.ഡി.എഫ് ആദ്യഘട്ടം മുതൽ നടത്തുന്നത്. ആർ. രാമചന്ദ്രന്റെ വിജയത്തിനായി പ്രാദേശിക തലത്തിൽ പ്രവർത്തകർ ദിവസങ്ങളോളം നീണ്ടുനിന്ന ചിട്ടയായ പ്രവർത്തനമാണ് നടത്തിയത്. മണ്ഡലത്തിലെ 181 ബൂത്തുകളിലും അതത് ബൂത്ത് കൺവീനർമാരുടെ നേതൃത്വത്തിൽ ഏഴ് തവണയാണ് ഭവനസന്ദർശനം നടത്തിയത്.

നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ശനിയാഴ്ച നടത്തിയ എൽ.ഡി.എഫിന്റെ റോഡ് ഷോ പ്രവർത്തകരിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മണ്ഡലത്തിലുടനീളം സഞ്ചരിച്ച് ആർ. രാമചന്ദ്രൻ ഒരിക്കൽകൂടി വോട്ടഭ്യർത്ഥന നടത്തി. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം കത്തിക്കയറിയത്.

ഒരു നഗരസഭയും ആറ് ഗ്രാമ പഞ്ചായത്തുകളുമുള്ള കരുനാഗപ്പള്ളി മണ്ഡലത്തിൽ ഒരു ഗ്രാമ പഞ്ചായത്തിൽ മാത്രമേ യു.ഡി.എഫിന് ആധിപത്യമുള്ളൂ. മണ്ഡലത്തിലെ രാഷ്ട്രീയ കാലാവസ്ഥ തനിക്ക് അനുകൂലമാണെന്നും മികച്ച ഭൂരിപക്ഷത്തിൽ വീണ്ടും വിജയിക്കുമെന്നും ആർ. രാമചന്ദ്രൻ പറഞ്ഞു.