തുറന്ന വാഹനത്തിൽ പി.എസ്.സുപാൽ
പുനലൂർ:തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാനിച്ച ഇന്നലെ പുനലൂരിലെ ഇടത്,യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ മണ്ഡലത്തിലാകെ ഓട്ട പ്രദിക്ഷണം നടത്തി.ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാലും യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദു റഹിമാൻ രണ്ടത്താണിയും എൻ.ഡി.എ സ്ഥാനാർത്ഥി ആയൂർ മുരളിയുമാണ് വാഹനങ്ങളിലും മറ്റും ഓടി നടന്ന് വോട്ട് അഭ്യർത്ഥിച്ചത്. പി.എസ്.സുപാൽ തുറന്ന വാഹനത്തിൽ ആയൂരിൽ നിന്നാണ് പ്രയാണം ആരംഭിച്ചത്.തുടർന്ന് തടിക്കാട്, അഞ്ചൽ,ഏരൂർ, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല,ഉറുകുന്ന്, ഇടമൺ, കലയനാട്,പുനലൂർ, കരവാളൂർ തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തിയ ശേഷം അഗസ്ത്യക്കോട്ട് സമാപിച്ചു.പാതയോരങ്ങളിലും മറ്റും നിന്ന വോട്ടർമാരെ ഇരു കൈകളോടെ തൊഴുത് കൊണ്ടാണ് അനുഗ്രഹം വാങ്ങിയത്.തുടർന്ന് കുടുംബ യോഗങ്ങളിലും മറ്റും പങ്കെടുത്ത സ്ഥാനാർത്ഥിയും പ്രവർത്തകരും ഇന്ന് നിശബ്ദ പ്രചാരണങ്ങളിൽ ഏർപ്പെടും. കൊട്ടിക്കലാശവും മറ്റും നിരോധിച്ചതോടെ ചെറു പ്രകടനങ്ങളും മറ്റും നാട്ടിൽ പുറങ്ങളിൽ നടത്തിയ പ്രവർത്തർ ഇന്നലെ വൈകിട്ടോടെ പിരിഞ്ഞു പോയി.എന്നാൽ സുപാലിന്റെ വിജയം ഉറപ്പിക്കാൻ 3000ത്തോളം സ്ക്വാഡുകളാണ് ഇന്നലെ പുനലൂർ മണ്ഡലത്തിൽ വീട്, വീടാന്തരം കയറി ഇറങ്ങി വോട്ട് അഭ്യർത്ഥിച്ചത്.പ്രധാന സ്ക്വാഡ് പ്രവർത്തകർക്ക് പുറമെ ഇടത് യുവജന സ്ക്വാഡുകളുടെ പ്രവർത്തനങ്ങളും മണ്ഡലത്തിലെ വോട്ടർമാരെ കൂടുതൽ ആകർഷിച്ചിരുന്നു.ചുവപ്പ് മുത്തുകുടയും സ്ഥാനാർത്ഥിയുടെ ചിഹ്നവും ചിത്രവും അടങ്ങിയ തൊപ്പികളും ബാഡ്ജും ധരിച്ചായിരുന്നു പ്രചാരണം ഇന്നലെ വൈകിട്ട് അവസാനിപ്പിച്ചത്.ഇടത് മുന്നണി നേതാക്കളായ കെ.ബാബു പണിക്കർ, എം.സലീം, എസ്.ബിജു,സി.അജയപ്രസാദ്, ഡി.വിശ്വസേനൻ,കെ.സി.ജോസ്, ലിജു ജമാൽ തുടങ്ങിയവർ സുപാലിനൊപ്പം ചേർന്നു.