ele

 വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് 7 വരെ

കൊല്ലം: തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയിൽ പൂർത്തിയായതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ആകെ 21,35,830 വോട്ടർമാരാണുള്ളത്. ഇന്ന് രാവിലെ എട്ട് മുതൽ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും. വിതരണ കേന്ദ്രത്തിലെ കൗണ്ടറിൽ നിന്ന് ഓരോ ബൂത്തിന്റെയും ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പോളിംഗ് സാമഗ്രികൾ കൈമാറും. തുടർന്ന് പ്രത്യേക വാഹനങ്ങളിൽ ബൂത്തുകളിലെത്തിക്കും.

ബൂത്തുകളിലെ പോളിംഗ് ഏജന്റുമാരെ ഇന്ന് വൈകിട്ട് നിശ്ചയിക്കും. പൊലീസ് പട്രോളിംഗ്, സെക്ടറൽ ഓഫീസർമാർ, നിരീക്ഷകർ എന്നിവരുടെ മേൽനോട്ടവും ഉറപ്പുവരുത്തിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായാൽ മാറ്റി സ്ഥാപിക്കേണ്ട ചുമതല സെക്ടറൽ ഓഫീസർമാർക്കാണ്. ഇവരുടെ യാത്രാമാർഗം നിരീക്ഷിക്കുന്നതിനുള്ള ഇലക്ഷൻ ട്രാക്കിംഗ് എനേബിൾഡ് സിസ്റ്റവും പ്രവർത്തിക്കുന്നുണ്ട്.

വോട്ടെടുപ്പിന്റ അവസാന മണിക്കൂറിൽ കൊവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൊവിഡ് മാനദണ്ഡം പാലിച്ച് വോട്ടിടാം. ഈ സമയം ഉദ്യോഗസ്ഥർക്ക് പി.പി.ഇ കിറ്റും നൽകും. ഓരോ അര മണിക്കൂർ ഇടവിട്ട് പോളിംഗ് ഉദ്യോഗസ്ഥർ പോൾ മാനേജർ ആപ്പ് വഴി പോളിംഗ് നില രേഖപ്പെടുത്തും. വോട്ടിടൽ പൂർത്തിയാകുമ്പോൾ വിശദ വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരണം.


 പോൾ മാനേജർ ആപ്പ്


ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിൽ നിന്നും വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങൾ പോൾ മാനേജർ ആപ്പിലൂടെ അറിയാം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കും വരണാധികാരികൾക്കും തത്സമയം നിരീക്ഷിക്കാവുന്ന സംവിധാനമാണിത്. വോട്ടിംഗ് മെഷീൻ തകരാറുകളോ ക്രമസമാധാന പ്രശ്‌നങ്ങളോ മൂലം പോളിംഗ് തടസപ്പെട്ടാൽ എസ്.ഒ.എസ് മുഖേന ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറാനാകും. സംശയനിവാരണത്തിന് ഓരോ വിതരണകേന്ദ്രത്തിലും വരണാധികാരിയുടെ നേതൃത്വത്തിൽ ആറ് സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട സംഘമുണ്ടായിരിക്കും.



 26 ഇടത്ത് സി.സി ടി.വി


1,438 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗും 26 പോളിംഗ് സ്റ്റേഷനുകളിൽ സി.സി ടി.വി സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംഘർഷ സാദ്ധ്യതയുള്ളതും സെൻസിറ്റീവ് ആയതുമായ പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.


 ആദ്യവോട്ട് രാവിലെ ഏഴിന്


നാളെ രാവിലെ അഞ്ചരയോടെ പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മോക്ക് പോൾ നടത്തും. ശേഷം വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്ത് വോട്ടിംഗിന് സജ്ജമാക്കും. ഏഴോടെ ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ഏഴുവരെ തുടരും. ഏഴുമണിക്ക് ക്യൂവിൽ ഉള്ളവരെ ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും.

 ജില്ലയിൽ ആകെ വോട്ടർമാർ: 21,35,830