greeshma

കൊല്ലം: കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ കാറിടിച്ച് ഏഴ് വയസുകാരിയും ഓട്ടോ ഡ്രൈവറും മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വെളിയം അലിമുക്ക് കോളനിയിൽ തോട്ടത്തിൽ കൊച്ചുവിള വീട്ടിൽ ഗിരീഷിന്റെയും മഞ്ജുവിന്റെയും മകൾ ഗ്രീഷ്മ(7), ഓട്ടോ ഡ്രൈവർ വെളിയം കലയ്ക്കോട് റോഡുവിള പുത്തൻവീട്ടിൽ നാസർ (50) എന്നിവരാണ് മരിച്ചത്.

ഒപ്പം യാത്ര ചെയ്തിരുന്ന ഗ്രീഷ്മയുടെ സഹോദരി ഗംഗ (13), മുത്തശി രാജമ്മ (63) ഇവരുടെ ബന്ധു ഓമന (60) എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെ പെരുമ്പുഴ ഷാപ്പ് മുക്കിലായിരുന്നു അപകടം.

ഓച്ചിറ ക്ഷേത്രത്തിൽ ദർശനത്തിന് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറും കുട്ടിയും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഓട്ടോറിക്ഷ പൂർണമായും തകർന്നു. മരിച്ച നാസറിന്റെ ഭാര്യ: മുംതാസ്. മക്കൾ: നജ്മ, ഫാത്തിമ. മരുമകൻ: ആഷിം.