ldf
കൊട്ടാരക്കര ടൗണിൽ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം

കൊല്ലം: കൊട്ടാരക്കരയിൽ ഇടത് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ വിജയപ്രതീക്ഷയ്ക്ക് മകുടം ചാർത്തുന്നതായിരുന്നു ഇന്നലത്തെ കലാശക്കൊട്ടുകൾ! ബൈക്ക് റാലിയും കലാശക്കൊട്ടുകളും വേണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം പൂർണമായും പാലിച്ചുകൊണ്ടുതന്നെ പ്രകടനവും ആൾക്കൂട്ട യോഗവും നടത്തി ഇടത് മുന്നണി കരുത്ത് പ്രകടമാക്കി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൊട്ടാരക്കര നഗരസഭയിലും ആവേശം നിലനിറുത്തിക്കൊണ്ടുതന്നെ വലിയ പ്രകടനങ്ങളും യോഗവും സംഘടിപ്പിക്കാനായത് വലിയ മികവായിട്ടാണ് നേതൃത്വം കണക്കാക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി ഓരോ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു. നേരത്തെ ബൈക്ക് റാലിയും വാദ്യമേളങ്ങളോടെ കലാശക്കൊട്ടുമൊക്കെ പ്ളാൻ ചെയ്തിരുന്നതാണ്. നിയന്ത്രണങ്ങൾ വന്നതോടെ അവ ഒഴിവാക്കിയെങ്കിലും തീരുമാനിച്ച രീതിയിൽത്തന്നെ ആളുകളെ പങ്കെടുപ്പിച്ചാണ് പ്രകടനവും പൊതു യോഗങ്ങളും നടത്തിയത്. രാവിലെ കേരള കോൺഗ്രസ്(ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളയ്ക്ക് ആശംസകൾ അറിയിക്കാൻ വീട്ടിലെത്തിയ കെ.എൻ.ബാലഗോപാൽ ഇവിടെ നിന്ന് ഇറങ്ങിയത് ഓരോ പ്രദേശത്തെയും കോളനികളിലേക്കാണ്. ഉമ്മന്നൂരിലും വെളിയത്തും കോളനികളിലെ സന്ദർശനത്തിന് മുൻതൂക്കം നൽകി. നിരന്തര സന്ദർശനത്തിലൂടെ കോളനികളിലെ വോട്ടുകൾ ഉറപ്പാക്കാനായെന്നാണ് ഇടത് കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്. ഉച്ചയ്ക്ക് ശേഷം എല്ലാ പഞ്ചായത്തുകളിലെയും പൊതു പരിപാടികളിൽ പങ്കെടുത്തു. എഴുകോൺ, വെളിയം, കരീപ്ര, നെടുവത്തൂർ, ഉമ്മന്നൂർ, കുളക്കട, മൈലം പഞ്ചായത്തുകളിലും കൊട്ടാരക്കര നഗരസഭയിലുമായി എല്ലാ ലോക്കൽ കമ്മിറ്റികളുടെയും അവസാനവട്ട തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബാലഗോപാലിന് സാന്നിദ്ധ്യം ഉറപ്പിക്കാനായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് എല്ലാ പാർട്ടി കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ടുതന്നെ ഉത്സവസമാനമായ കൊട്ടിക്കലാശത്തിന് പകരം രാഷ്ട്രീയ വിശദീകരണത്തിനുള്ള വേദികളാണ് സജ്ജമാക്കിയത്. കൂട്ടിയും കിഴിച്ചുമുള്ള തിരഞ്ഞെടുപ്പ് അവലോകനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതിൽ നിന്ന് വലിയ ഭൂരിപക്ഷത്തോടെ കെ.എൻ.ബാലഗോപാൽ വിജയിക്കുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ.