പത്തനാപുരം : ഇന്നലെ വൈകിട്ട് നടന്ന കൊട്ടി കലാശത്തിനിടെ എൽ.ഡി.എഫ് -യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പൊലീസ് ഇടപെട്ട് വലിയ സംഘർഷ സാദ്ധ്യത ഒഴിവാക്കി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ കൊട്ടി കലാശത്തിൽ നിരോധിച്ചതിനാൽ വലിയ ശബ്ദത്തോടെ മൈക്ക് സെറ്റ് കെട്ടിയ ഇരുമുന്നണികളുടെയും എസ്. ഡി .പി .ഐയുടെയും വാഹനങ്ങൾ മൂന്ന് മണി മുതൽ ജംഗ്ഷനിൽ തലങ്ങും വിലങ്ങും പ്രചാരണത്തിനെത്തി. 5 മണിയോടെ ജംഗ്ഷനിൽ കൂടുതൽ പ്രവർത്തകർ തടിച്ചു കൂടിയതോടെ രംഗം വഷളായി. ഇതിനിടെ ജ്യോതികുമാർ ചാമക്കാല തുറന്ന വാഹനത്തിൽ എത്തി. ഇതോടെ യു.ഡി എഫ് പ്രവർത്തകർക്ക് ആവേശം കൂടി മുദ്രാവാക്യങ്ങൾ മുഴക്കി , ഇരുമുന്നണി പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിലും കയ്യാങ്കളിയിലുമെത്തി. പൊലീസും മുതിർന്ന നേതാക്കളും ഏറെ പണി പെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ ഇരുമുന്നണികളിലെയും മുപ്പതോളം പ്രവർത്തകർക്കെതിരെ കേസെടുത്തതായി സി. ഐ. സുരേഷ് കുമാർ പറഞ്ഞു. 7 മണിക്ക് കൊട്ടി കലാശം അവസാനിപ്പിക്കാനും പൊലീസ് പാടുപെട്ടു. ഇക്കുറി ബി. ജെ .പി പ്രവർത്തകരെ ജംഗ്ഷനിൽ കലാശകൊട്ടിന് കണ്ടില്ല. ഗ്രാമപ്രദേശങ്ങളിൽ കവലകൾ കേന്ദ്രീകരിച്ചായിരുന്നു ബി.ജെ .പിയുടെ പ്രചാരണം .