കൊല്ലം: "ഇത്തവണ വോട്ട് ഇടത് മുന്നണിയ്ക്കാണ്"- എഴുകോൺ പഞ്ചായത്തിലെ പുളിയറ മൂർത്തിവിള ഭാഗത്തുകാർ ഒന്നടങ്കം പറയുകയാണ്. പഞ്ചായത്തിലെ ഏറ്റവും ശോചനീയാവസ്ഥയിൽ കഴിഞ്ഞ ഗ്രാമമാണ് പുളിയറ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 49 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ ഗ്രാമത്തിലെത്തിയത്. കരിങ്കല്ല് പൊട്ടിച്ച് നീക്കി പുതിയ റോഡ് നിർമ്മിച്ചതടക്കം പുളിയറ ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടതെല്ലാം ചെയ്തുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. അപ്പോഴും നാടിന്റെ പൊതുപ്രശ്നമായി നിലനിന്നത് കുടിവെള്ളത്തിന്റെ ബുദ്ധിമുട്ടാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രശ്നത്തിനും പരിഹാരമാവുകയാണ്. പുളിയറ മൂർത്തിക്കാവ് കുടിവെള്ള പദ്ധതി ഉടൻ യാഥാർത്ഥ്യമാകും.
അറുപത് വീടുകൾക്ക് ഉപകാരം
ജില്ലാ പഞ്ചായത്ത് മുപ്പത് ലക്ഷം രൂപ അനുവദിച്ചാണ് ഈ പ്രദേശത്ത് കുടിവെള്ള പദ്ധതി തയ്യാറാക്കിയത്. പഞ്ചായത്തിലെ താരതമ്യേന ഉയർന്ന പ്രദേശം എന്നത് മാത്രമല്ല, കരിങ്കല്ലുകൾ അടിത്തട്ടിൽ നിറഞ്ഞ സ്ഥലമാണിവിടം. അതുകൊണ്ടുതന്നെ കിണറുകളിൽ വെള്ളം തീരെക്കുറവാണ്. ഡിസംബറിന്റെ ആദ്യവാരത്തിൽത്തന്നെ കുടിവെള്ളക്ഷാമം തുടങ്ങും. മാർച്ച്, ഏപ്രിൽ മാസമെത്തുമ്പോൾ വലിയ വിലയ്ക്ക് കുടിവെള്ളം വാങ്ങി ഉപയോഗിക്കുന്ന ഗതികേടിലാണ് നാട്ടുകാർ. കുണ്ടറ പദ്ധതിയുടെ പൈപ്പ് ലൈൻ വലിച്ചിട്ടും ഒരു ചെറുകിട കുടിവെള്ള പദ്ധതി കൊണ്ടുവന്നിട്ടും ഗുണം ചെയ്തില്ല. തുടർന്നാണ് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്. കിണർ നിർമ്മിക്കാൻ സ്ഥലം അന്വേഷിച്ചെങ്കിലും അവസാനം പുളിയറ കുളത്തിൽ കിണറും പമ്പുഹൗസും തയ്യാറാക്കുകയായിരുന്നു. മൂർത്തിവിള വീട്ടിൽ സുരേഷ് കുമാർ ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലവും സൗജന്യമായി നൽകി. ഇപ്പോൾ കിണറും പമ്പ് ഹൗസും ടാങ്കും പൈപ്പിടലും പൂർത്തിയായി. ഇനി വൈദ്യുതി കണക്ഷൻ ലഭിച്ചാൽ കുടിവെള്ള വിതരണം തുടങ്ങാം. പ്രദേശത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരുണ്ടെങ്കിലും അവരൊന്നിച്ച് പറയുന്നുണ്ട് കുടിവെള്ളവും റോഡും എത്തിച്ചത് ഇടതുമുന്നണിയാണ്. വോട്ട് ചെയ്യുമ്പോൾ അത് മറക്കാനൊക്കില്ലെന്ന്. മൂന്ന് കിലോ മീറ്റർ ചുറ്റളവിലുള്ള അറുപത് വീടുകൾക്കാണ് കുടിവെള്ള പദ്ധതിയുടെ പ്രയോജനം.
ഞങ്ങളെ വോട്ട് ബാലഗോപാലിന്
പുളിയറ പ്രദേശത്തെ വലിയ പ്രശ്നമാണ് കുടിവെള്ളത്തിന്റേത്. അതിന് ശാശ്വത പരിഹാരമായിരിക്കുന്നു. റോഡിന്റെ കാര്യവും ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറമെത്തി. ഈ നാടിന്റെ കരുതലും സ്നേഹവുമാണ് ഇടതുമുന്നണിയെന്ന് ബോദ്ധ്യമാണ്. വോട്ട് ബാലഗോപാലിന് നൽകുമെന്നാണ് പ്രദേശത്തെ ഒട്ടുമിക്ക ആളുകളും പരസ്യമായി പറയുന്നത്.(പി.ശുഭ, കൃഷ്ണകൃപ, പുളിയറ)