കൊല്ലം: പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഇരവിപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരൻ മണ്ഡലത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് പര്യടനത്തിന് പുറപ്പെട്ടത്. മണ്ഡലത്തിലെ മരണവീടുകളിൽ പ്രവർത്തകർക്കൊപ്പമെത്തിയ അദ്ദേഹം പരേതരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഉച്ചയോടെ നൂറുകണക്കിന് ഓട്ടോറിക്ഷകളുടെ അകമ്പടിയോടെ മേവറത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ എന്നിവരും പങ്കെടുത്തു. കൊട്ടിയം, മയ്യനാട്, ഇരവിപുരം, താന്നി, പോളയത്തോട്, പട്ടത്താനം, അയത്തിൽ, പാൽക്കുളങ്ങര, കൂനമ്പായിക്കുളം തുടങ്ങി മണ്ഡലത്തിലെ എല്ലാ മേഖലകളിലൂടെയും കടന്നുപോയ റോഡ് ഷോയിൽ പ്രവർത്തകരുടെ ആവേശം അലതല്ലി. വൈകിട്ട് 6.45ഓടെ പള്ളിമുക്കിലാണ് റോഡ് ഷോ സമാപിച്ചത്.