ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിച്ചതോടെ വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികൾ. ഇടതു കോട്ടയായ കുന്നത്തൂർ നിയമസഭാ മണ്ഡലം അഞ്ചാം തവണയും കോവൂർ കുഞ്ഞുമോനിലൂടെ നിലനിറുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് വോട്ടഭ്യർത്ഥന. മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തിയതോടെ പ്രവർത്തകർ ആവേശത്തിലാണ്.
ആർ.എസ്.പിയിലെ ഉല്ലാസ് കോവൂരിലൂടെ കുന്നത്തൂരിൽ അട്ടിമറി നടത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എം.പി, സിനിമാതാരം ജഗദീഷ് തുടങ്ങിയ പ്രമുഖരെ പ്രചാരണത്തിലിറക്കിയതോടെ യു.ഡി.എഫ് ക്യാമ്പും ആത്മവിശ്വാസത്തിലാണ്. മണ്ഡലത്തിൽ സുപരിചിതയും ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറിയുമായ രാജി പ്രസാദിനെ കളത്തിലിറക്കിയതോടെ എൻ.ഡി.എയും പ്രതീക്ഷയിലാണ്. രാജി പ്രസാസ് പ്രചാരണത്തിലും സജീവമായിരുന്നു.