വാക്കും പ്രവൃത്തിയും ഒന്നാകണം, ഒപ്പം നിൽക്കണം, വികസന കാഴ്ചപ്പാട് വേണം. ഒരു പൊതുപ്രവർത്തകനിൽ നിന്ന് സാധാരണക്കാരൻ പ്രതീക്ഷിക്കുന്നത് ഇവയൊക്കെയാണ്. പത്തനാപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി വി.എസ്. ജിതിൻദേവ് നാട്ടുകാർക്ക് പ്രിയങ്കരനാകുന്നത് ഇത്തരം ഗുണങ്ങളിലൂടെയാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ സമരമുഖങ്ങളിലെ പോരാളിയായിരുന്നു ഈ ചെറുപ്പക്കാരൻ.
യുവമോർച്ചയിലൂടെയാണ് ജിതിൻദേവിന്റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. യുവമോർച്ച കുന്നത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ബി.ജെ.പി ജില്ലാ സെക്രട്ടറിയാണ്. രണ്ടുവർഷമായി ബി.ജെ.പി പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ചുമതല വഹിക്കുന്നുണ്ട്.
പ്രളയകാലത്ത് തീവ്രകെടുതി നേരിട്ട വിവിധ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജിതിൻദേവ് മുന്നിലുണ്ടായിരുന്നു. ലോക്ക്ഡൗൺ കാലത്ത് ദുരിതമനുഭവിച്ച ജനങ്ങൾക്കായി അഘോരാത്രം പ്രവർത്തിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ പള്ളുതുരുത്തിയിൽ പരേതനായ വാസുദേവക്കുറുപ്പിന്റെയും സുശീലയുടെയും മകനാണ്. ഫിസിക്സ് ബിരുദധാരിയാണ്. ശ്രീനാരായണ ഗുരുദേവ ദർശനങ്ങളിൽ അധിഷ്ഠിതമായ ജീവിതശൈലിയാണ് ജിതിൻദേവ് ചെറുപ്പകാലം മുതൽ പിന്തുടരുന്നത്.
മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് പത്തനാപുരത്ത് നിന്ന് ജനവിധി തേടുന്നത്. എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനം, ആംബുലൻസ് സംവിധാനം, കോളനികളിൽ അടിസ്ഥാന സൗകര്യങ്ങൾ, എല്ലാ വീടുകളിലും കുടിവെള്ള ലഭ്യത, വന്യജീവി ശല്യം ഒഴിവാക്കാൻ സംവിധാനം, കേന്ദ്ര പദ്ധതി പ്രകാരം തൊഴിലവസരങ്ങൾ, പതിനായിരം പേർക്ക് തൊഴിൽ ലഭിക്കാൻ സർക്കാർ സംരംഭം, പ്രധാന കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ, സർക്കാർ സ്ഥാപനങ്ങൾക്ക് സ്വന്തം കെട്ടിടം, എയിംസ് മാതൃകയിൽ ജനറൽ ഹോസ്പിറ്രൽ മുതലായവയാണ് ജിതിൻദേവ് മണ്ഡലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.