തിരുവനന്തപുരം: നേരം ഇരുട്ടിവെളുക്കുമ്പോൾ കേരളം പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ സ്ഥാനാർത്ഥികൾക്കും മുന്നണിനേതാക്കൾക്കും പ്രവർത്തകർക്കും ഇന്ന് ഉറക്കമില്ലാത്ത രാത്രി. വോട്ടെടുപ്പിന്റെ അവസാന ലാപ്പിൽ ജനവിധി തങ്ങൾക്ക് അനുകൂലമാക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളുടെയും അടവുകളുടെയും അവസാനവട്ട ആസൂത്രണത്തിൽ ഏതു വിധേനെയും എതിരാളിയെ തോൽപ്പിക്കാൻ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഹീനതന്ത്രങ്ങളും ഒരുങ്ങുകയാണ് രാഷ്ട്രീയ അന്തപ്പുരങ്ങളിൽ.
ചാണക്യതന്ത്രങ്ങൾ
ചടുല നീക്കങ്ങളിലൂടെ ഒറ്റയും ഇരട്ടയും കൂട്ടായും വോട്ടുകൾ തങ്ങളുടെ പെട്ടിയിലേക്ക് വീഴ്ത്താനുള്ള ചാണക്യതന്ത്രങ്ങൾക്കും അടവുകൾക്കുമാണ് വരും മണിക്കൂറുകളിൽ കേരളം സാക്ഷിയാകുക.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് രാഷ്ട്രീയ ഉപജാപങ്ങൾ ശക്തമാകുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബോംബുകൾ പൊട്ടുമെന്ന് മുഖ്യമന്ത്രിതന്നെ മുന്നറിയിപ്പ് നൽകിയിരിക്കെ ജനവിധി പൂർണമായും അട്ടിമറിക്കത്തക്ക അഭ്യാസങ്ങൾ എന്തെങ്കിലും വരും മണിക്കൂറുകളിൽ അരങ്ങേറുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളം. രാഷ്ട്രീയ നേതാക്കളുടെ വികടസരസ്വതിവിളയാട്ടം മുതൽ എതിരാളിക്കെതിരെ എന്തും ആയുധമാകാം.
അഴിമതിയോ അന്തപ്പുര രഹസ്യമോ?
കുടത്തിൽ നിന്ന് ഭൂതത്തെപ്പോലെ പുറത്തുചാടുന്ന അഴിമതിക്കഥകളോ അധികാര അകത്തളങ്ങളിലെ അന്തപ്പുര രഹസ്യങ്ങളോ രാഷ്ട്രീയ നേതാക്കൻമാരുടെ സ്വകാര്യജീവിതമോ മതി ജനഹിതത്തെ മാറ്റി മാറിക്കാൻ. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷനിരയിൽ നിന്ന് ജനവിധി തേടിയ ഒരു വനിതാ സ്ഥാനാർത്ഥി ഘടകകക്ഷി നേതാവിനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാവ് നടത്തിയ പരാമർശവും മുൻ മന്ത്രിയും പ്രതിപക്ഷത്തെ ഘടകക്ഷിയുമായ വിപ്ളവപാർട്ടിയുടെ നേതാവ് കൂടിയായ ഒരു എം.പിക്കെതിരെ ഭരണപക്ഷത്തെ പ്രമുഖൻ തരംതാണനിലയിൽ നടത്തിയ മറ്റൊരു പരാമർശവും തിരഞ്ഞെടുപ്പിലുണ്ടാക്കിയ കോലാഹലങ്ങളും അതുണ്ടാക്കിയ റിസൾട്ടും കേരളം കണ്ടതാണ്. കൂട് വിട്ട് കൂടുമാറി ഭരണ - പ്രതിപക്ഷ പാർട്ടികൾ ചേരിതിരിഞ്ഞ് മത്സരിക്കുകയും ഭരണമുന്നണി ഭരണത്തുടർച്ച അവകാശപ്പെടുകയും ചെയ്യുമ്പോൾ ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കുള്ള സാഹചര്യങ്ങളാണ് കേരളത്തിലുള്ളത്.
സർക്കാരിന്റെ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും ഉപരി ശബരിമല പ്രശ്നത്തിലും ക്രൈസ്തവ സഭകൾ തമ്മിലുള്ള പള്ളിതർക്കങ്ങളിലും വിശ്വാസസമൂഹം പ്രത്യക്ഷമായും പരോക്ഷമായും പോരാട്ടത്തിനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ കാണുന്നുണ്ട്. ഭരണപക്ഷം തുടക്കം മുതൽ സർക്കാരിന്റെ നേട്ടങ്ങൾ മാത്രം തിരഞ്ഞെടുപ്പ് അജണ്ടയാക്കി പ്രചാരണം കൊഴുപ്പിച്ചപ്പോൾ ശബരിമലയിലെ സ്ത്രീപ്രവേശനവും ഭക്തർക്ക് നേരെയുണ്ടായ കൈയേറ്റവും പൊലീസ് കേസുകളും ഉയർത്തിക്കാട്ടി പ്രതിരോധം തീർത്ത പ്രതിപക്ഷം എങ്ങനെയും വോട്ടിംഗിൽ ഈ വികാരങ്ങൾ പ്രതിഫലിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.
നഷ്ടമായ സാമുദായിക സന്തുലനം
രാഷ്ട്രീയനേതാക്കൾ ഇതിനുള്ള ചാണക്യതന്ത്രങ്ങൾ മെനയുന്നതിനിടെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് സാമുദായിക സന്തുലനാവസ്ഥ പാലിക്കുന്നതിൽ മുന്നണികൾക്കുണ്ടായ പരാജയം സമുദായ സംഘടനകളും അവയുടെ നേതൃത്വവും തുറുപ്പുചീട്ടാക്കിയിട്ടുണ്ട്. കേരളത്തിലെ പ്രബല സമുദായവും നിർണായക വോട്ടുബാങ്കുമായ ഈഴവ സമുദായത്തെ വെറും വോട്ട് കുത്തികളാക്കി ഇടത് - വലത് മുന്നണികൾ അവഗണിച്ചതിന്റെ ആത്മരോഷം ആ സമുദായത്തിനുണ്ട്. സമുദായത്തിന്റേതായി രൂപീകരിച്ച രാഷ്ട്രീയപാർട്ടിയായ ബി.ഡി.ജെ.എസ്, എൻ.ഡി.എ നേതൃത്വത്തിൽ മത്സരിക്കുന്നത് മാത്രമാണ് ഇതിന് കുറച്ചെങ്കിലും അപവാദം.
എൻ.എസ്.എസിനും പ്രതിഷേധം
ശബരിമല പ്രശ്നത്തെച്ചൊല്ലി ഭരണകക്ഷിയുമായി രൂക്ഷമായ അഭിപ്രായവ്യത്യാസത്തിലാണ് നായർസമുദായ നേതൃത്വം. തിരഞ്ഞെടുപ്പുകളിൽ സമദൂരസിദ്ധാന്തമെന്ന ആശയക്കാരായിരുന്നെങ്കിലും ഭരണകക്ഷിയിലെ പ്രമുഖഘടകക്ഷികളായ സി.പി.എമ്മും സി.പി.ഐയും സമുദായ നേതൃത്വത്തെയും സംഘടനയെയും അപമാനിക്കുകയും അവഗണിക്കുകയും ചെയ്തതിന്റെ പ്രതിഷേധം അവിടെയും പുകയുന്നുണ്ട്. ശബരിമല പ്രശ്നത്തിൽ എൻ.എസ്.എസ് നിലപാടിനെതിരെ മറ്റ് സമുദായങ്ങളെ അണിനിരത്തി നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ച് ഹിന്ദുസമുദായത്തെ ഭിന്നിപ്പിച്ചതും നവോത്ഥാന സംരക്ഷണ സമിതിക്ക് നേതൃത്വം നൽകിയവർ തന്നെ അതിലെ പൊള്ളത്തരം തുറന്ന് കാട്ടുകയും ചെയ്തതും തിരഞ്ഞെടുപ്പ് സമയത്ത് നിർണായകമാകാനിരിക്കെ പരസ്യപ്രചാരണം അവസാനിച്ചശേഷം വരും മണിക്കൂറുകളിൽ സമുദായ ശക്തികളുടെ നീക്കങ്ങളെയും കേരളം ഉറ്റുനോക്കുന്നുണ്ട്.
ഗൂഢനീക്കങ്ങൾ
പരസ്യപ്രചാരണം നിശബ്ദപ്രചാരണത്തിന് വഴിമാറിയതോടെ അവസാന നിമിഷം ആടിയുലയുന്ന വോട്ടുകൾ ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് പാർട്ടിപ്രവർത്തകരും മുന്നണി നേതൃത്വവും നടത്തുന്നത്. ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളുൾപ്പെടെ കേരളത്തിലെ ചില മണ്ഡലങ്ങളിൽ വോട്ടിംഗിന്റെ അവസാന മണിക്കൂറുകൾ വരെ എന്തുതരത്തിലുള്ള നീക്കങ്ങളും ഇത്തരം സ്ഥലങ്ങളിൽ ഉണ്ടാകാനിടയുണ്ട്.
സി.പി.എമ്മിനും കോൺഗ്രസിനും നിലനില്പിനായുള്ള മത്സരം
തുടർഭരണത്തിന് വോട്ട് തേടുന്ന എൽ.ഡി.എഫിനും സി.പി.എമ്മിനും രാജ്യത്താകെയുളള നിലനിൽപ്പിന്റെ കളം കൂടിയാവുകയാണ് കേരള രാഷ്ട്രീയം. ഭരണമാറ്റമെന്ന ചരിത്രം ഇത്തവണ ആവർത്തിച്ചില്ലെങ്കിൽ കോൺഗ്രസിനും യു.ഡി.എഫിനും ചെറുതല്ലാത്ത ക്ഷീണമാകും തിരഞ്ഞെടുപ്പ് ഫലം സമ്മാനിക്കുക. കേരളത്തിൽ സാന്നിദ്ധ്യം ഉറപ്പിക്കാനുളള അവസാനവട്ട ശ്രമമാണ് ബി.ജെ.പിയുടേത്.
ഒരു മാസം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുഡ്ബൈ പറഞ്ഞ് ഇന്ന് നിശബ്‌ദ പ്രചാരണം. രാവിലെ മുതൽ സ്ഥാനാർത്ഥികളെല്ലാം വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലാണ്. ചിലർ മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട വ്യക്തികളെ കണ്ട് വോട്ടുറപ്പിക്കുമ്പോൾ വീടുവിടാന്തരം ഓട്ട പ്രദക്ഷിണം നടത്തുകയാണ് മറ്റ് ചിലർ. മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമായ തിരഞ്ഞെടുപ്പിൽ ഇത്തവണ വീറും വാശിയും ഏറെയാണ്.
കൊവിഡ് സാഹചര്യത്തിൽ കലാശക്കൊട്ടിന് കമ്മിഷന്റെ വിലക്ക് ഉണ്ടായിരുന്നെങ്കിലും റോഡ് ഷോകളും വാഹന പര്യടനങ്ങളും പദയാത്രകളുമായി പ്രചാരണത്തിന്റെ അവസാനമണിക്കൂറുകൾ ആവേശകരമായാണ് സമാപിച്ചത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 1,41,62,025 സ്ത്രീകളും 1,32,83,724 പുരുഷൻമാരും ട്രാൻസ്ജെന്റർ വിഭാഗത്തിൽ 290 പേരും അടങ്ങുന്നതാണ് വോട്ടർ പട്ടിക. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുളളത്. 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുളളത്.