phot
പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രതിഷേധവുമായി എത്തിയ യു.ഡി.എഫ് പ്രവർത്തകരെ പൊലിസ് ശാന്തരാക്കുന്നു

പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയുടെ പത്ത് നിലയുളള ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ പാല് കാച്ച് നടത്തിയതിനെതിരെ യു.ഡി.എഫ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.രണ്ട് മാസം മുമ്പ് ഉദ്ഘാടനം നടത്തിയ കെട്ടിടത്തിൽ മന്ത്രി കെ.രാജുവും നഗരസഭ ചെയർപേഴ്സണും സ്ഥിരം സമിതി അദ്ധ്യക്ഷൻമാരും ആശുപത്രി സൂപ്രണ്ടും ചേർന്ന് നിലവിളക്ക് കൊളുത്തുകയും തുടർന്ന് പാല് കാച്ച് നടത്തുകയും ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ചായിരുന്നു പരാതി നൽകിയതെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവും യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യൻ, കൺവീനർ സി.വിജയകുമാർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്നലെ വൈകിട്ട് 3.30നായിരുന്നു സംഭവം.പുതിയ ആശുപത്രി കെട്ടിടത്തിന്റെ പാല് കാച്ച് വിവരം അറിഞ്ഞ് യു.ഡി.എഫ് നേതാക്കളായ കെ.ശശിധരൻ,സി.വിജയകുമാർ, നെൽസൺ സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലുളള പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രവർത്തകരെ ശാന്തരാക്കി. എന്നാൽ പഴയ ആശുപത്രി കെട്ടിടത്തിൽ സ്ഥിതി ചെയ്തിരുന്ന മൂന്ന് വാർഡുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാർ പാല് കാച്ചുകയായിരുന്നു എന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ അറിയിച്ചു.സംഭവ സമയത്ത് ഇത് വഴി കടന്ന് പോയ മന്ത്രി വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയതായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.