ചവറ: പരസ്യപ്രചാരണത്തിന്റെ അവസാന ദിവസത്തിൽ പ്രചാരണം കൊഴുപ്പിച്ച് ചവറ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ള. രാമൻകുളങ്ങരയിൽ നിന്ന് ആരംഭിച്ച റോഡ് ഷോയോടൊപ്പം പ്രവർത്തകർ കാൽനടയായി സ്ഥാനാർത്ഥിയെ അനുഗമിച്ചു. വിവിധ കേന്ദ്രങ്ങളിലെത്തിയ സുജിത്ത് വിജയൻപിള്ളയെ പ്രവർത്തകർ പൂമാലകളും ചെണ്ടുകളും നൽകിയാണ് സ്വീകരിച്ചത്. തട്ടാശേരിയിലെ സമാപനത്തോടെ പ്രവർത്തകർ ആവേശത്തിലായി. മുദ്രാവാക്യം വിളികളോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ഇനിയുള്ള സമയം പരമാവധി വോട്ടർമാരെ നേരിൽ കാണാൻ ശ്രമിക്കുമെന്നും അടിസ്ഥാനരഹിതമായ കുപ്രചാരണങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നതെന്നും സുജിത്ത് വിജയൻപിള്ള പറഞ്ഞു. ജനം ഇതെല്ലാം തിരിച്ചറിയും. തന്റെ അച്ഛനെ നെഞ്ചിലേറ്റിയതുപോലെ ചവറക്കാർ തന്നെയും വിജയിപ്പിക്കുമെന്ന പൂർണവിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.