കരുനാഗപ്പളി: തിരഞ്ഞെടുപ്പ് സമാപനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ മുന്നണികൾ സംഘടിപ്പിച്ച റോഡ് ഷോയിൽ ബി.ജെ.പി - എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ബി.ജെ.പി കുലശേഖരപുരം 21-ാം ഗ്രാമപഞ്ചായത്തംഗം അജീഷിന് (36) പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ അജീഷിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ഇലക്ഷൻ കമ്മിഷന്റെ നിർദ്ദേശാനുസരണം ബി.ജെ.പി കരുനാഗപ്പള്ളി ടൗണിൽ കൊട്ടിക്കലാശം അവസാനിപ്പിച്ചിരുന്നു. ഇതറിയാതെ അജീഷിന്റെ നേതൃത്വത്തിൽ മൂന്ന് ബൈക്കുകളിലായി ആറുപേർ കരുനാഗപ്പള്ളി ടൗണിലെത്തി. ഈ സമയം എസ്.ഡി.പി.ഐയുടെ ജാഥ ദേശീയപാതയിലൂടെ കടന്നുവരികയായിരുന്നു. തുടർന്ന് ഇവർ ഏറ്റുമുട്ടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ബി.ജെ.പി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന പൊലീസിന്റെ അറിയിപ്പിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ ഉപരോധത്തിൽ നിന്ന് പിന്മാറി.
എന്നാൽ രാത്രി 7ന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി വീണ്ടും ദേശീയപാത ഉപരോധിച്ചു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന പൊലീസിന്റെ ഉറപ്പിനെ തുടർന്ന് സമരത്തിൽ നിന്ന് പ്രവർത്തകർ പിന്മാറി. കുറ്റവാളികളെ കണ്ടെത്തിയില്ലെങ്കിൽ ഇന്ന് സമരം ശക്തമാക്കുമെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് പറഞ്ഞു.