kottathala-photo
കുണ്ടറയിലെ കശുഅണ്ടി ഫാക്ടറിയിൽ പ്രചാരണത്തിനെത്തിയ മേഴ്സിക്കുട്ടിഅമ്മ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു

കുണ്ടറ: പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം കുണ്ടറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മേഴ്സിക്കുട്ടിഅമ്മ അതിരാവിലെ തന്നെ പ്രചാരണം ആരംഭിച്ചു. പുലർച്ചെ അഞ്ചരയോടെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനകളിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളെ നേരിട്ടുകണ്ട് പിന്തുണ ഉറപ്പാക്കി.

കൈതകോടി സെന്റ് ജോർജ് പള്ളിയിലെത്തിയ മേഴ്സിക്കുട്ടിഅമ്മയെ ഇടവക വികാരി ഫാ. തമ്പി സേവ്യർ സ്വീകരിച്ചു. ധൈര്യമായിരിക്കൂ, ഉറപ്പാണ് വിജയമെന്ന് പള്ളി വികാരി സ്ഥാനാർത്ഥിയോട് പറഞ്ഞു. തുടർന്ന് പെന്തക്കോസ്ത് മിഷൻ പ്രയർ ഹാൾ, ചർച്ച് ഓഫ് ഗോഡ് പള്ളി എന്നിവിടങ്ങളിലും മേഴ്സിക്കുട്ടിഅമ്മ പ്രവർത്തകരോടൊപ്പം എത്തി.

കുണ്ടറ ഗുരുദേവ ഓഡിറ്റോറിയം, കൊല്ലം സി. കേശവൻ സ്മാരക ടൗൺ ഹാൾ, യൂനുസ് കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലെ വിവാഹചടങ്ങുകളിലും സ്ഥാനാർത്ഥി പങ്കെടുത്തു. വധൂവരന്മാരെ അനുഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്തു. വൈകിട്ട് കണ്ണനല്ലൂരിൽ നടന്ന പൊതുസമ്മേളനത്തിലും മേഴ്സിക്കുട്ടിഅമ്മ പങ്കെടുത്തു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി യോഗം ഉദ്‌ഘാടനം ചെയ്തു.